ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ റയൽ ഇറങ്ങുന്നു.!
ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണാബ്യുവിൽ റയൽ മാഡ്രിഡ് ഒസാസുനയെ നേരിടും. ഇന്നലത്തെ മയ്യോർക്കക്കെതിരെയുള്ള വിജയത്തോടെ ബാർസലോണ ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഈയൊരു സ്ഥാനം തിരിച്ചുപിടിക്കുവാൻ ആണ് അഞ്ചെലോട്ടിയും സംഘവും ഇന്ന് ഇറങ്ങുന്നത്. പരിക്ക് മാറി സൂപ്പർ താരം കരീം ബെൻസീമ ഇന്ന് കളത്തിലിറങ്ങിയേക്കും.
6 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് നേടിയ ഒസാസുന 7ആം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ ആയാൽ അവർക്ക് അത്ലറ്റിക്കോ മാഡ്രിഡിന് മുകളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറുവാൻ സാധിക്കും. മറുപക്ഷത്ത് മികച്ച ഫോമിലാണ് റയൽ കളിച്ചുകൊണ്ടിരിക്കുന്നത്. 6 മത്സരങ്ങളിൽ 6 ഉം ജയിച്ചു കൊണ്ടാണ് അവർ ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത്. ഇന്ന് വിജയിക്കാനായാൽ ബാർസയെ മറികടന്ന് വീണ്ടും ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാം. മൂർച്ചയുള്ള മുന്നേറ്റ നിരയിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അതോടൊപ്പം കളി സ്വന്തം തട്ടകത്തിൽ കൂടിയാകുമ്പോൾ ഒസാസുന അവരെ എങ്ങനെ തടയുമെന്ന് കണ്ടുതന്നെയറിയണം. റയലിൻ്റെ നിലവിലെ കുതിപ്പിന് തടയിടുവാൻ ഒസാസുനയെ കൊണ്ട് കഴിയുമോ ഇന്ന് നമുക്ക് കാത്തിരുന്നുകാണാം.






































