മെസ്സി കളം നിറഞ്ഞു; ഹോണ്ടുറാസിനെയും കീഴടക്കി അപരാജിത കുതിപ്പ് തുടർന്ന് അർജൻ്റീന.!
ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഹൊണ്ടുറാസിനെതിരെ അർജൻ്റീനയ്ക്ക് എതിരില്ലാത്ത 3 ഗോൾ വിജയം. യുഎസിലെ ഫ്ളോറിഡയിൽ നടന്ന സൗഹൃദ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ അർജൻ്റീന 2 ഗോൾ നേടി. 16 ആം മിനിറ്റിൽ മെസ്സിയുടെ ചിപ്പിങ് പാസിന് ഓടി കയറിയ പപു ഗോമസ് പന്ത് ലൗത്താരോയ്ക്ക് മറിച്ച് നൽകുകയായിരുന്നു. ഒരു മികച്ച ഫിനിഷിലൂടെ താരം പന്ത് വലയിലാക്കി. ശേഷം ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ലോ സെൽസോയെ ബോക്‌സിൽ വീഴ്ത്തിയതിന് അർജൻ്റീനയ്ക്ക് അനുകൂലമായി പെനൽറ്റി. ഒരു അനായാസ കിക്കിലൂടെ മെസ്സി ലീഡ് ഇരട്ടിയാക്കി. ലോ സേൽസോക്ക് പാസ്സ് നൽകിയതും മെസ്സി തന്നെയായിരുന്നു.
ശേഷം രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത നീല പട 69 ആം മിനിറ്റിൽ മെസ്സിയിലൂടെ അവസാന ഗോളും നേടി വിജയം ഉറപ്പിച്ചു. ഹോണ്ടുറാസ് പ്രതിരോധത്തെ പ്രഷർ ചെയ്ത് നേടിയെടുത്ത ബോൾ ഒരു തകർപ്പൻ ഫിനിഷിംഗിലൂടെ ലിയോ വലയിലാക്കി. ബോക്സിന് വെളിയിൽ നിന്നും ഗോളിയുടെ തലക്ക് മുകളിലൂടെ ഒരു ചിപ്പിംഗ് ഗോൾ.
ഇതോടെ തുടർച്ചയായ 34 ആം മത്സരത്തിലും തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാൻ സ്കലോണിയ്ക്കും സംഘത്തിനുമായി. 3 വർഷങ്ങർക്ക് മുമ്പ് 2019 ജൂലായ് 3 ന് കോപ്പ അമേരിക്ക സെമിയിൽ ബ്രസിലിനോട് ആണ് മെസ്സിയും സംഘവും അവസാനമായി തോറ്റത്. വരുന്ന 28 ആം തീയതി ജമൈക്കയുമായാണ് അർജൻ്റീനയുടെ അടുത്ത മത്സരം.






































