ഇംഗ്ലണ്ടിന് വീണ്ടും തോൽവി; ഇത്തവണ ഇറ്റലിക്ക് മുന്നിൽ.!
ഇംഗ്ലണ്ടിനെ ശാപം വിട്ടൊഴിയുന്നില്ല. നേഷൻസ് ലീഗിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം കണ്ടെത്താൻ ആവാതെ സൗത്ത്ഗേറ്റും സംഘവും മടങ്ങി. ഇറ്റലിയിലെ സാൻ സിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ മാൻസിനിയോടും സംഘത്തിനോടും അടിയറവ് പറഞ്ഞത്. മത്സരത്തിൻ്റെ 68 ആമാത്തെ മിനിറ്റിൽ ബോനൂച്ചിയുടെ ലോങ്ങ് ബോളിൽ നിന്നും ഒരു മികച്ച ഫിനിഷിംഗിലൂടെ റാസ്പടോറി ആണ് ഇറ്റലിയുടെ ഗോൾ നേടിയത്. താരത്തിൻ്റെ ആദ്യ ഗോൾ ആയിരുന്നു ഇത്.
ഒരൊറ്റ വിജയം പോലും നേടാൻ ആവാത്ത ഇംഗ്ലണ്ട് നേഷൻസ് ലീഗ് എ യിൽ നിന്നും റിലഗേറ്റ് ആവുമെന്ന് ഏറെക്കുറെ ഉറപ്പായി. 5 മത്സരങ്ങളിൽ നിന്നും 2 സമനില മാത്രമായി 3 തോൽവിയുമായി 2 പോയിൻ്റോടെ അവസാന സ്ഥാനത്ത് ആണ് ഇംഗ്ലണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്ന് തന്നെ 2 വിജയവും 2 സമനിലയും 1 തോൽവിയുമായി 8 പോയിൻ്റോടെ രണ്ടാം സ്ഥാനത്താണ് ഇറ്റലി.
5 മത്സരങ്ങളിൽ നിന്നായി ഇംഗ്ലണ്ടിന് ഇതുവരെ നേടാൻ ആയത് വെറും 1 ഗോൾ ആണ്. അതും പെനൽറ്റിയിലൂടെ. ഇത്രയേറെ കരുത്തുറ്റ താരങ്ങൾ അടങ്ങുന്ന ടീം ആയിട്ടും ഓപ്പൺ പ്ലേയിലൂടെ ഒരു ഗോൾ പോലും കണ്ടെത്താൻ കഴിയാത്തത് സൗത്ത് ഗേറ്റിനും സംഘത്തിനും വലിയ നാണക്കേട് ആണ്. എന്തായാലും വരുന്ന 27 ന് ജർമനിക്കെതിരെയാണ് ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം. എന്താകുമെന്ന് കണ്ട് തന്നെ അറിയാം.






































