ഹംഗറിക്ക് മുന്നിൽ മുട്ടുമടക്കി ജർമനി.!
യുവേഫ നേഷൻസ് ലീഗിൽ ഗ്രൂപ്പ് സി യിൽ നടന്ന മത്സരത്തിൽ ഹംഗറിക്കെതിരെ വമ്പന്മാരായ ജർമനിക്ക് തോൽവി. സ്വന്തം മൈതാനത്ത് നടന്ന മത്സരമായിരുന്നിട്ട് കൂടി അത് മുതലെടുക്കാൻ ജർമനിക്ക് ആയില്ല. എതിരില്ലാത്ത ഒരു ഗോളിന് ആണ് ഫ്ളിക്കും സംഘവും തോൽവി സമ്മതിച്ചത്. മത്സരത്തിൻ്റെ 17 ആം മിനുട്ടിൽ ഒരു കോർണറിന് തലവെച്ച് കൊണ്ട് സലായ് ആണ് ഹംഗറിക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ ഈ ഒരു ഗോൾ മറികടക്കാൻ ജർമനിക്കായില്ല.
ഈയൊരു വിജയത്തോടെ 5 മത്സരങ്ങളിൽ നിന്നും 3 വിജയങ്ങളും ഓരോ സമനിലയും തോൽവിയുമായി 10 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത് ആണ് ഹംഗറി. തോൽവി വഴങ്ങിയ ജർമൻ ടീം 5 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി മൂന്നാം സ്ഥാനത്ത് ആണ്. ജർമനി, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാർ അടങ്ങിയ ഗ്രൂപ്പിൽ നിന്നാണ് ഹംഗറിയുടെ ഈ കുതിപ്പ് എന്നത് എടുത്ത് പറയേണ്ടതാണ്. നേരത്തെ ഇംഗ്ലണ്ടിനെയും 2 പാദങ്ങളിലും അവർ കീഴടക്കിയിരുന്നു. ഇനി വരുന്ന 27 ന് ഇറ്റലിക്കെതിരെയാണ് ഹംഗറിയുടെ അവസാന മത്സരം.






































