Cricket IPL IPL-Team Top News

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള മിനി ലേലം ഡിസംബറില്‍

September 23, 2022

author:

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള മിനി ലേലം ഡിസംബറില്‍

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള മിനി ലേലം ഡിസംബറില്‍ നടന്നേക്കും. തീയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 16നായിരിക്കും ലേലം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസികളുമായി സംസാരിച്ചശേഷമാകും തീയതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ വര്‍ഷത്തെപ്പോലെ മെഗാ താരലേലമല്ല മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. എങ്കിലും ഓരോ ടീമിനും 95 കോടി രൂപ ചെലവഴിക്കാന്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷം ലേലത്തിന് മുമ്പ് ഓരോ ടീമിനും 90 കോടി വീതമായിരുന്നു പേഴ്സിലുണ്ടായിരുന്നത്. കളിക്കാരെ ഒഴിവാക്കുകയാണെങ്കില്‍ പേഴ്സിലെ തുക കൂടും. മാര്‍ച്ച് അവസാന വാരമായിരിക്കും 2023ലെ ഐപിഎല്‍ സീസണ്‍ തുടങ്ങുക. മിനി താരലേലത്തിനായി ടീമുകള്‍ തയാറെടുക്കുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഉത്തരം രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിടുമോ എന്നറിയാനാണ്.

പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ജഡേജയും ടീം മാനേജ്മെന്‍റും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന വാർത്തകൾ എത്തിയതോടെയാണ് ചെന്നൈ വിടാൻ താരം ഒരുങ്ങിയതായി സൂചന ലഭിക്കുന്നതും. ഡല്‍ഹി ക്യാപിറ്റല്‍സ് അടക്കം ജഡേജയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ജഡേജയ്ക്ക് പുറമെ ഗുജറാത്ത് ടൈറ്റന്‍സ് താരം രാഹുല്‍ തെവാട്ടിയ, സായ് കിഷോര്‍ എന്നിവരിലും മറ്റ് ടീമുകള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

Leave a comment