യൂറോപ്പ ലീഗ് ഫുട്ബോളിൽ ആദ്യ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും
യൂറോപ്പ ലീഗ് ഫുട്ബോളിൽ ആദ്യ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. മൊൾഡോവൻ ക്ലബ് ഷെറിഫാണ് എതിരാളികൾ. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന്‍റെ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. പോയ മത്സരത്തിൽ ലാലിഗ ടീമായ റയൽ സോസിഡാദിനോടേറ്റ പരാജയം മറക്കാൻ ചെകുത്താൻമാർക്ക് ഇന്ന് ജയം അനിവാര്യമാണ്.
ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് തോറ്റതിനാൽ യുണൈറ്റഡിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകവുമാണ്. ഇതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ നിന്നും ടീമിൽ മാറ്റമുറപ്പാണ് .മാർക്കസ് റാഷ്ഫോർഡും ജേഡൺ സാഞ്ചോയും മുന്നേറ്റനിരയിൽ എത്തുന്നതോടെ റൊണാൾഡോ ബെഞ്ചിലേക്ക് മാറിയേക്കും.
ഷെറിഫ് ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് സൈപ്രസ് ക്ലബ് ഒമോനിയയെ തോൽപിച്ചിരുന്നു. യുണൈറ്റഡിനു പുറമെ എഎസ് റോമ, റയൽ സോസിഡാദ് ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.






































