കാത്തിരിപ്പുകൾക്ക് വിരാമം; കോലിക്ക് സെഞ്ച്വറി. ഇന്ത്യക്ക് കൂറ്റൻ സ്കോർ.!
The King is Back.. അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിരാട് കോലി തൻ്റെ 71ആം അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നു. ഏഷ്യാ കപ്പിൽ നിന്നുള്ള ഇന്ത്യയുടെ അപ്രതീക്ഷിത പുറത്താകലിനിടയിൽ പോലും ആരാധകർക്ക് ആവേശം നൽകുന്ന കാഴ്ചയാണ് ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ കാണുവാൻ കഴിഞ്ഞത്. കോലിയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ അഫ്ഗാനെതിരെ 212 റൺസ് റൺസ് പടുത്തുയർത്തി. അതിൽ 122 റൺസും പിറന്നത് വിരാടിൻ്റെ ബാറ്റിൽ നിന്ന്. 2019 നവംബറിലാണ് കോലി അവസാനമായി സെഞ്ച്വറി നേടിയിരുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ആയിരുന്നു താരം തൻ്റെ 70ആം സെഞ്ച്വറി നേട്ടം പൂർത്തീകരിച്ചത്. അതിനു ശേഷം ഒരു സെഞ്ച്വറി പോലും നേടുവാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.. ആ ഒരു കാത്തിരിപ്പിനാണ് ഇവിടെ വിരാമമായിരിക്കുന്നത്.
61 പന്തുകൾ നേരിട്ട കോലി 12 ഫോറുകളുടെയും 6 സിക്സറുകളുടെയും അകമ്പടിയോടെയാണ് 122 റൺസ് നേടിയത്. ഇതോടെ ആരാധകരുടെ ആശങ്കൾക്ക് ഒക്കെ അവസാനമായി. കോലിയുടെ ഈ തിരിച്ചു വരവ് വരുന്ന T20 വേൾഡ് കപ്പിൽ ഇന്ത്യയ്ക്ക് തുണയാവുമെന്ന് ഉറപ്പ്. വേൾഡ് കപ്പിന് മുമ്പ് തന്നെ താരം സെഞ്ച്വറി നേടിയത് ഇന്ത്യൻ ക്യാമ്പിനെ ആകെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതോടെ താരത്തിൻ്റെ സെഞ്ച്വറി നേട്ടം 71 ആയി. വർഷങ്ങളായി സെഞ്ച്വറി നേടുവാൻ കഴിയുന്നില്ലെന്ന ഭാരം സ്വന്തം തോളിൽ നിന്ന് എടുത്ത് മാറ്റുവാനും താരത്തിനായി. എന്തായാലും വിരാട് തൻ്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിൻ്റെ സൂചനയാണ് ഇതെന്ന് നമുക്ക് കരുതാം.






































