വെസ്റ്റ്ഹാമിനെതിരെ സമനിലയിൽ കുരുങ്ങി ടോട്ടനം.
പ്രീമിയർ ലീഗിൽ ഇന്ന് പുലർച്ചെ 12.30 ന് നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ടോട്ടനം ഹോട്സ്പർ സമനിലയിൽ കുരുങ്ങി. വെസ്റ്റ്ഹാമിൻ്റെ ഹോം മത്സരമായിരുന്നു. ലണ്ടനിലുള്ള 2 ടീമുകൾ ആയതുകൊണ്ട് തന്നെ ഒരു ഡർബി എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. മത്സരത്തിൽ ആദ്യം മുന്നിലെത്തുവാൻ ടോട്ടനത്തിന് കഴിഞ്ഞുവെങ്കിലും അത് വിജയത്തിലേക്ക് എത്തിക്കുവാൻ അവർക്കായില്ല.

34 ആം മിനിറ്റിൽ ടോട്ടനം മുന്നിലെത്തി. കഴിഞ്ഞ വീക്കിൽ പിഎസ്ജിയിൽ നിന്നും വെസ്റ്റ്ഹാമിലേക്ക് എത്തിയ തിലോ കെഹ്ററുടെ സെൽഫ് ഗോളിലാണ് ടോട്ടനം ലീഡ് നേടിയത്. സൂപ്പർ താരം ഹാരി കെയ്ൻ സണിന് നൽകിയ ക്രോസ്സ് തടയാൻ ശ്രമിച്ചതാണ് ഗോളിൽ കലാശിച്ചത്. തുടർന്ന് 1-0 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു. ശേഷം രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റ് തികഞ്ഞപ്പോഴേക്കും വെസ്റ്റ്ഹാം സമനില ഗോൾ നേടുകയായിരുന്നു. അൻ്റോണിയോ നൽകിയ പാസിൽ നിന്ന് മധ്യനിര താരം സൗസെക് ആണ് വല കുലുക്കിയത്. ഇതിന് ശേഷം ആവുന്നത്ര പൊരുതിയെങ്കിലും ഗോൾ നേടുവാൻ മാത്രം ടോട്ടനത്തിന് കഴിഞ്ഞില്ല. 5 കളികളിൽ നിന്നും 11 പോയിൻ്റ് സ്വന്തമാക്കിയ സ്പർസ് ഇപ്പൊൾ മൂന്നാം സ്ഥാനത്താണ്. വരുന്ന സെപ്റ്റംബർ 3 ന് ഫുൾഹാമുമായാണ് സ്പർസിൻ്റെ അടുത്ത മത്സരം.






































