ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെ തകർത്ത് ടോട്ടനം മുന്നോട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ടോട്ടനം മുന്നോട്ട്. രണ്ടാം പകുതിയിൽ ഹാരി കെയ്നാണ് സ്പർസിനായി വിജയഗോൾ നേടിയത്. ഇതോടെ പ്രീമിയർ ലീഗിലെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് കെയ്ൻ സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോയുടെ 184 ഗോളുകൾ എന്ന റെക്കോർഡ് ആണ് സ്പർസിനായുള്ള 185-ാം പ്രീമിയർ ലീഗ് ഗോളോടെ കെയ്ൻ മറികടന്നത്.
വിരസമാർന്ന ആദ്യ പകുതി കടന്നു പോയപ്പോൾ ഇന്നത്തെ മത്സരം സമനിലയിൽ പിരിയേണ്ടി വരുമോ എന്ന ചോദ്യമാണ് ടോട്ടനം ഹോട്സ്പർ ആരാധകരുടെ മനസിലുയർന്നത്. എന്നാൽ രണ്ടാം പകുതിൽ കളിയാകെ മാറുകയായിരുന്നു. തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന അന്റോണിയോ കോണ്ടെയുടെ ടീം 64-ാം മിനിറ്റിലാണ് വലകുലുക്കിയത്.
കോർണറിൽ നിന്ന് കെയ്നിന്റെ ഹെഡർ സ്പർസിന് ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായും മാറി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്പർസിന് ഏഴ് പോയിന്റ് ആണ് ഉള്ളത്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും ടീമിനായി.






































