ആദ്യ ഇന്നിംഗ്‌സിൽ 165 റൺസിന് ഓൾഔട്ടായി ഇംഗ്ലണ്ട്, ഭേദപ്പെട്ട തുടക്കവുമായി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയരായ ഇംഗ്ലണ്ട് 165 റണ്‍സിന് ഓൾഔട്ട്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 102 പന്തുകളില്‍ നിന്ന് 73 റണ്‍സെടുത്ത ഒലി പോപ്പ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. കൂടെ 20 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
അലക്‌സ് ലീസ് (5), സാക്ക് ക്രോളി (9), ജോ റൂട്ട് (8), ജോണി ബെയര്‍സ്‌റ്റോ (0), ബെന്‍ ഫോക്‌സ് (20) എന്നിവര്‍ നിരാശപ്പെടുത്തി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ് ഇന്നലെ കളി അവസാനിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ 19 ഓവറില്‍ 52 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ചുവിക്കറ്റെടുത്തത്. ആന്റിച്ച് നോര്‍ക്യെ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ ജാന്‍സണ്‍ രണ്ട് വിക്കറ്റ് നേടി. വിക്കറ്റ് വീഴ്ത്തിയവരെല്ലാം പേസ് ബോളര്‍മാരാണ്. ഒന്നാം ഇന്നിംഗിസിനായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ പ്രോട്ടീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. 20 റൺസെടുത്ത കീഗൻ പീറ്റേഴ്സണും 51 റൺസുമായി സാരെൽ എർവീയുമാണ് ക്രീസിൽ. 47 റൺസെടുത്ത നായകൻ ഡീൻ എൽഗറിന്റെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്‌ടമായത്.






































