ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ എത്തുന്നു
ഐഎസ്എൽ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനെ നിയമിച്ചു. ഒരു വർഷത്തെ കരാറിലാണ് വിഖ്യാത പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്. ഇക്കാര്യം ഈസ്റ്റ് ബംഗാൾ നിക്ഷേപകരായ ഇമാമി ഗ്രൂപ്പും കോൺസ്റ്റന്റൈനും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പരിശീലകനായ കോൺസ്റ്റന്റൈൻ മുമ്പ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനെന്ന നിലയിലാണ് ശ്രദ്ധ നേടിയത്. രണ്ട് തവണയായി ഏഴ് വർഷമാണ് കോൺസ്റ്റന്റൈൻ ഇന്ത്യൻ ടീമിന്റെ ചുമതല വഹിച്ചത്. 2019 ഏഷ്യാ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെയാണ് കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞത്.
ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം സൈപ്രസ് ക്ലബായ പാഫോസിനെ പരിശീലിപ്പിച്ചിരുന്നു. ഇന്ത്യയെ മുമ്പ് 2002 മുതൽ 2005 വരെയും തുടർന്ന് 2015 മുതൽ 2019 വരെയുമാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലിപ്പിച്ചത്. ഐഎസ്എല്ലിലെ തന്നെ ചെന്നൈയിൻ എഫ്സിയും കോൺസ്റ്റന്റൈനെ പരിഗണിച്ചിരുന്നു.






































