ആദ്യ വിക്കറ്റിൽ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ജോഡിയായി രോഹിത്-ധവാന് സഖ്യം
ഏകദിന ക്രിക്കറ്റില്‍ ഓപ്പണിങ്ങിൽ റെക്കോഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും. ആദ്യ വിക്കറ്റിൽ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ജോഡി എന്ന റെക്കോഡാണ് രോഹിത്-ധവാന് സഖ്യം നേടിയത്. സച്ചിന് തെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി സഖ്യമാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ഇരുവരും 6609 റണ്‍സാണ് നേടിയത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലൂടെയാണ് ധവാനും രോഹിതും 5000 ക്ലബ്ബിലിടം നേടിയത്. നിലവില്‍ രോഹിത്-ധവാന് സഖ്യത്തിന് 5108 റണ്‍സാണുള്ളത്. ഏകദിനത്തിന്റെ ചരിത്രത്തില്‍ 5000 റണ്‍സിലധികം നേടുന്ന നാലാമത്തെ മാത്രം ഓപ്പണിങ് സഖ്യമാണ് ഇരുവരും. ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്-ആദം ഗില്‍ക്രിസ്റ്റ് സഖ്യവും ഡെസ്മണ്ട് ഹെയ്ന്‍സ്-ഗ്രീന്‍ റിഡ്ജ് സഖ്യവും 5000 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയവരുടെ നിരയിലുണ്ട്.






































