ബേൺലി ഫുട്ബോൾ ക്ലബിന്റെ പുതിയ പരിശീലകനായി മുൻ സിറ്റി താരം വിൻസെന്റ് കോംപനിയെ നിയമിച്ചു
ബേൺലി ഫുട്ബോൾ ക്ലബിന്റെ പുതിയ പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെയും ബെൽജിയത്തിന്റെയും മുൻ പ്രതിരോധ താരം വിൻസെന്റ് കോംപനിയെ നിയമിച്ചു. ഇതിന് മുൻപ് ബെൽജിയം ക്ലബ് ആൻഡർലെക്ടിന്റെ പരിശീലകനായിരുന്ന താരം രണ്ടാം ഡിവിഷനിലായിരിക്കും അടുത്ത സീസണിൽ പ്രവർത്തിക്കുക.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ബേൺലി അടുത്ത സീസണിൽ ഇംഗ്ലീഷ് രണ്ടാം ഡിവിഷനായ ഇഎഫ്എൽ ചാമ്പ്യൻഷിപ്പിലാണ് കളിക്കുക. അതിനാൽ പ്രീമിയർ ലീഗിലേക്ക് ബേൺലിയെ മടക്കികൊണ്ടുവരിക എന്ന ദൌത്യമായിരിക്കും മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ കോംപനിയ്ക്കുണ്ടാവുക.
2008-ൽ സിറ്റിയിലെത്തിയ കോംപനി 2011-12 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്കും ഉയർന്നു. പിന്നീട് ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കാനും ബെൽജിം താരത്തിന് സാധിച്ചിരുന്നു. 2011 ലും 2012 ലും തുടർച്ചയായി രണ്ടു കൊല്ലവും പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയർ പട്ടികയിലും കോംപനി ഇടംനേടിയിട്ടുണ്ട്. 2014 ൽ വീണ്ടും ഈ നേട്ടം കൈവരിക്കുന്നതിനോടൊപ്പം പ്രീമിയർ ലീഗ് പ്ലെയർ ഓഫ് സീസൺ പുരസ്കാരം നേടുകയും ചെയ്തു.






































