പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റ് ഇന്ന് വാട്ഫോർഡിനെതിരെ ഇറങ്ങും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റ് ഇന്ന് വാട്ഫോർഡിനെതിരെ ഇറങ്ങും. ആദ്യ നാലിൽ തുടരാൻ ചുവന്ന ചെകുത്താൻമാർക്ക് ഇന്ന് ജയം അനിവാര്യമാണ്. ലീഗിലെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും തോൽവി അറിയാതെയാണ് റാൾഫ് റാങ്ക്നിക്കിന്റെ ടീം എത്തുന്നതും.
എന്നാൽ അപ്രതീക്ഷിത തോൽവികളും സമനിലയും വഴങ്ങുന്ന യുണൈറ്റഡിന്റെ ഒരു മത്സരവും ഈ സീസണിൽ പ്രവചിക്കാനാവില്ലെന്നതും യാഥാർഥ്യമാണ്. ലീഗിലെ ചെറിയ ടീമുകളുമായി വരെ ദയനീയ പ്രടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ച്ചവെക്കാറ്. എന്നാൽ എതിരാളികൾ അത്ര ഫോമിലല്ലാത്തത് ഓൾഡ് ട്രഫോഡ് ടീമിന് ഗുണമാണ്.
എന്നാൽ സീസണിൽ ഇരുടീമുകളും ആദ്യം നേരിട്ടപ്പോൾ 4-0 ന്റെ നാണംകെട്ട തോൽവിയുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മടങ്ങിയത്. ഇതിന് പകരം വീട്ടാനുള്ള പകയും ടീമിനുണ്ടാവും. നിലവിൽ 26 മത്സരങ്ങളിൽ നിന്നായി 46 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തും 25 മത്സരങ്ങളിൽ നിന്നായി 18 പോയിന്റുമായി വാട്‌ഫോർഡ് 19 സ്ഥാനത്തുമാണ് നിൽക്കുന്നത്.






































