യൂറോപ്പ ലീഗിൽ നാപ്പോളിയെ തകർത്ത് എഫ്‌സി ബാഴ്‌സലോണ പ്രീ-ക്വാർട്ടറിൽ
യുവേഫ യൂറോപ്പ ലീഗിൽ നാപ്പോളിയെ തകർത്ത് എഫ്‌സി ബാഴ്‌സലോണ പ്രീ-ക്വാർട്ടറിൽ. ലീഗ് പ്ലേ ഓഫിൽ ഇറ്റാലിയൻ ടീമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കാറ്റാളൻ പട കീഴടക്കിയത്. ക്യാമ്പ് നൌവിൽ നടന്ന ആദ്യ പാദത്തിൽ ഇരുടീമും സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ നിർണായകമായ രണ്ടാം പാദത്തിൽ ബാഴ്‌സ ആറാടുകയായിരുന്നു.
അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ബാഴ്‌സലോണ എട്ടാം മിനിറ്റിൽ ജോർഡ് ആൽബയിലൂടെ ലീഡ് എടുത്തു. തുടർന്ന് അധികം വൈകാതെ തന്നെ 13-ാം മിനിറ്റിൽ ഫ്രാങ്കി ഡെയോങിലൂടെ ചാവിയുടെ ടീം രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. എന്നാൽ 23-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലൊറെൻസോ ഇൻസിഗ്‌നെ നാപ്പോളിക്കായി ഗോൾ മടക്കി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ജെറാഡ് പികെയിലുടെ സ്പാനിഷ് ബമ്പൻമാർ കളി വരുതിയിലാക്കി മൂന്നാം ഗോളും അടിച്ചു.
രണ്ടാം പകുതിയിലും കാര്യങ്ങൾ ബാഴ്‌സയ്ക്ക് അനുകൂലമായിരുന്നു. ഒബിമയാങിലൂടെ നാലാം ഗോളും 59-ാം മിനിറ്റിൽ നേടി ജയം ബാഴ്‌സലേണ ഉറപ്പിക്കുകയായിരുന്നു. 87ആം മിനുട്ടിൽ പൊളിറ്റാനോ ഒരു ഗോൾ കൂടെ നാപോളിക്ക് ആയി നേടി എങ്കിലും വൈകിയിരുന്നു. രണ്ട് പാദങ്ങളിലുമായി 5-3 എന്ന സ്കോർ ജയത്തോടെയാണ് കാറ്റാളൻ ടീം അടുത്ത റൌണ്ടിലേക്ക് എത്തുന്നത്.






































