സഹ പരിശീലക സ്ഥാനമൊഴിഞ്ഞ് സൈമൺ കാറ്റിച്ച്, പകരക്കാരനായി ഹെൽമോട്ടിനെ നിയമിച്ച് സൺറൈസേഴ്സ്
ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദുമായി വേർപിരിഞ്ഞ് സഹ പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ സൈമൺ കാറ്റിച്ച്. ബയോ-സെക്യൂരിറ്റി നിയന്ത്രണങ്ങളും കുടുംബ പ്രശ്നങ്ങളും കാരണം കാറ്റിച്ചിനെ വരും സീസണിൽ ലഭ്യമാകില്ലെന്ന് ഹൈദരാബാദ് ഫ്രാഞ്ചൈസി വ്യക്തമാക്കി.
എന്നാൽ അടുത്തിടെ നടന്ന മെഗാ ലേലത്തിലെ അതൃപ്തിയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹ പരിശീലക സ്ഥാനം കാറ്റിച്ച് ഒഴിയുന്നതെന്ന സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.
കാറ്റിച്ചിന്റെ റോൾ ഏറ്റെടുക്കാൻ മുൻ ചാമ്പ്യൻമാർ സൈമൺ ഹെൽമോട്ടിനെ നിയമിച്ചിട്ടുണ്ട്. 50 കാരനായ ഹെൽമോട്ട് മുമ്പ് 2012 മുതൽ 2019 വരെ ഹൈദരാബാദ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായിരുന്നു. അടുത്തിടെ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ടീമിനെ പരിശീലിപ്പിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.