തോൽവിയോളം പോന്ന സമനിലയുമായി പിരിഞ്ഞ് ഒഡീഷയും ചെന്നൈയിനും
ഐഎസ്എൽ ഫുട്ബോളിൽ തോൽവിയോളം പോന്ന സമനിലയുമായി പിരിഞ്ഞ് ഒഡീഷ എഫ്സിയും ചെന്നൈയിൻ എഫ്സിയും. ഇരുടീമുകളുടെയും സെമി ഫൈനൽ സാധ്യതകൾ തല്ലിക്കെടുത്തുന്നതായിരുന്നു ഇന്നത്തെ സമനില.
ഇന്ന് ഗോവയിലെ തിലക് മൈതാനിയിൽ നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് ഇരുടീമുകളും കളി അവസാനിപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ റഹിം അലിയിലൂടെ ചൈന്നൈയിനാണ് മുന്നിലെത്തിയത്. എന്നാൽ 18-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസിലൂടെ ഒഡീഷ ഒപ്പമെത്തി. അങ്ങനെ ആദ്യ പകുതി 1-1 സ്കോറിന് പിരിഞ്ഞു.
രണ്ടാം പകുതിയിൽ പന്തടക്കത്തിൽ ചെന്നൈയിൻ മികച്ചു നിന്നപ്പോൾ ഷോട്ടുകൾ തുടക്കുന്നതിൽ ഒഡീഷയാണ് കളംനിറഞ്ഞത്. അതിന്റെ ഫലമായി 51-ാം മിനിറ്റിൽ തന്നെ ജൊനാതസ് ഡെ ജീസസിലൂടെ ഒഡീഷ ലീഡ് എടുത്തു. എന്നാൽ പോരാട്ടവീര്യം ചോരാതെ കളിച്ച ചെന്നൈയിൻ 69-ാമത്തെ മിനിറ്റിൽ വാൽസ്കിസിലൂടെ സമനില പിടിച്ചു.
ഇന്നത്തെ മത്സര ഫലത്തോടെ 22 പോയിന്റുമായി ഒഡീഷ ഏഴാം സ്ഥാനത്തും ചെന്നൈയിൻ 20 പോയിന്റുമായി എട്ടാമതും നിൽക്കുന്നു. ഇരു ടീമുകൾക്കും ഇനി ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ. അതിൽ മൂന്നിൽ ജയിച്ചാലും സെമി ഫൈനൽ യോഗ്യത അകലെയാണ്.