ഗോൾ മഴയുമായി മാഞ്ചസ്റ്റർ സിറ്റി, സ്പോർട്ടിങിനെ തകർത്തത് എതിരില്ലാത്ത 5 ഗോളുകൾക്ക്
ചാമ്പ്യൻസ് ലീഗിലും ഗംഭീര ഫോം തുടർന്ന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ തേരോട്ടം.
മത്സരത്തിൽ ഒരു തവണ പോലും പോർച്ചുഗീസ് ടീമിന് ആധിപത്യം സ്ഥാപിക്കാൻ സിറ്റി അവസരം കൊടുത്തില്ല. ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുന്നിലെത്തിയ മാഞ്ചസ്റ്റർ സിറ്റി ഏഴാം മിനിറ്റിൽ തന്നെ റിയാദ് മഹ്റെസിലൂടെ ലീഡ് നേടി. തുടർന്ന് 17, 44 മിനിറ്റുകളിൽ ഇരട്ട ഗോളുകളിലൂടെ ബെർണോഡോ സിൽവയും തിളങ്ങി.
32-ാം മിനിറ്റിൽ ഫിൽ ഫോഡനും സിറ്റിക്കായി വല കുലുക്കി. ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റിൽ റഹീം സ്റ്റൈർലിങും ഗോൾ നേടിയതോടെ സ്പോർട്ടിങിന് വമ്പൻ നാണക്കേടായി. ഇതോടെ രണ്ടാം പാദം മത്സരം അപ്രസക്തമായെന്നു വേണം പറയാൻ. ക്വാർട്ടർ ബെർത്ത് ഉറപ്പിച്ച സിറ്റിക്കായി ചാമ്പ്യൻസ് ലീഗിൽ ഇത് വരെ 10 വ്യത്യസ്ത താരങ്ങൾ ഗോൾ നേടിയിട്ടുണ്ട്.