ഇഞ്ചുറി ടൈമിൽ രക്ഷകനായി എംബാപ്പെ, ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് ജയം
യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ മത്സരത്തിലെ ആദ്യപാദത്തിൽ എതിരില്ലാത്തെ ഒരു ഗോളിന് റയൽ മാഡ്രിഡിനെ തകർത്ത് പിഎസ്ജി. ലയണൽ മെസി പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ 94-ാം മിനിറ്റിലെ എംബാപ്പെയുടെ ഗോളിലാണ് ഫ്രഞ്ച് ടീമിന്റെ ജയം.
തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കം മുതൽ ഇരുടീമുകളും കരുതലോടെയാണ് കളിച്ചത്. എങ്കിലും പിഎസ്ജിയാണ് മത്സരത്തിൽ മികച്ചു നിന്നത്. പന്തടക്കത്തിലും ഗോളുകൾ നേടാനുള്ള അവസരങ്ങളും പ്രഞ്ച്പട ഒരുക്കിയെങ്കിലും പ്രതിരോധത്തിൽ ഉരുക്കു കോട്ട തീർത്താണ് റയൽ മാഡ്രിഡ് ആദ്യ പകുതി അവസാനിപ്പിച്ചത്.
പിഎസ്ജി മുഴുവൻ സമയവും അറ്റാക്കിങായിരുന്നു. റയൽ ജയിക്കാനുള്ള സാധ്യതകൾ ആദ്യമേ തന്നെ കാണാനില്ലായിരുന്നു. 60-ാം മിനിറ്റിൽ എംബാപ്പയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി മെസി പാഴാക്കിയത് പിഎസ്ജിക്ക് തിരിച്ചടിയായി. എന്നാൽ പകരക്കാരനായി നെയ്മർ ഇറങ്ങിയതോടെ കളിയുടെ വേഗം കൂടി.
അങ്ങനെ കളിയുടെ ഇഞ്ചുറി ടൈമിൽ എംബാപ്പെ രക്ഷകനായി അവതരിച്ചു. പ്രീ-ക്വാർട്ടർ മത്സരത്തിലെ ആദ്യപാദത്തിൽ ഒരു ഗോളിന് ജയിക്കാനും ഫ്രഞ്ച് ടീമിനായി. രണ്ടാം പാദം റയലിന്റെ ഹോം ഗ്രൗണ്ടിൽ മാർച്ച് 10-ന് നടക്കും.