കവാനി മടുത്തു! സീസൺ അവസാനത്തോടെ യുണൈറ്റഡുമായി പിരിയാൻ താരം
ഈ സീസണിൽ ഫോമില്ലാതെ വലയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായി പിരിയാൻ ഒരുങ്ങി സ്റ്റാർ സ്ട്രൈക്കർ എഡിസൻ കവാനി. ഈ സീസൺ അവസാനത്തോടെ ഉറുഗ്വേയൻ താരം ക്ലബ് വിടുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
താരത്തിന്റെ കരാർ ജൂലൈയിൽ അവസാനിക്കുന്നതോടെയാണ് കവാനി യുണൈറ്റഡുമായി വഴിപിരിയുക. പോയ സീസണിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ കവാനി ഇംഗ്ലീഷ് ടീമിലെത്തുന്നത്. പ്രീമിയർ ലീഗിൽ തിളങ്ങാൻ വയസായ കവാനിക്ക് കഴിയില്ലെന്ന സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി ടീമിനായി ആദ്യ സീസണിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്.
കഠിനാധ്വാന സ്വഭാവവും സ്പിരിറ്റും യുണൈറ്റഡ് ആരാധകരുടെ മനസിനെ കീഴടക്കി. പോയ സീസണിൽ കവാനി 17 ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടിയത്. എന്നാൽ ഈ സീസണിൽ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ കവാനി പിന്തള്ളപ്പെട്ടു. ഒപ്പം താരത്തിന്റെ നിരന്തരമായ പരിക്കും പഴയ വീര്യത്തിലെത്താൻ സാധിക്കാത്തതിൽ മുഖ്യപങ്കാണ് വഹിച്ചത്.
പോരാത്തിന് യുണൈറ്റഡിന്റെ പൊതുവായ മോശം ഫോമും കവാനിക്ക് പ്രശ്നമായി. ജനുവരിയിൽ ബാർസിലോണ കവാനിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരിശീലകൻ റാൾഫ് റാഗ്നിക്ക് താരത്തെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് ടീമിൽ നിന്നും വിടപറയുന്ന എഡിസൺ ലാലിഗയിലേക്ക് ചേക്കേറുകയോ അല്ലെങ്കിൽ പഴയ ടീമായ റിവർ പ്ലേറ്റിലേക്ക് മാറുകയോ ചെയ്യാനാണ് സാധ്യത.