മാഞ്ചസ്റ്റർ ഡെർബി സമാസമം
ഗോളുകൾ പിറക്കാതെ മാഞ്ചസ്റ്റർ ഡെർബിക്ക് വിരസമായ അന്ത്യം. ഇതോടെ ലീഗിൽ യുണൈറ്റഡ് [20 പോയിന്റ് ] എട്ടാം സ്ഥാനത്തും സിറ്റി ഒമ്പതാം [19 പോയിന്റ് ] സ്ഥാനത്തുമായി. പക്ഷെ ഒന്നാമതുള്ള ടോട്ടൻഹാമിനേക്കാൾ [24 പോയിന്റ് ] പോയിന്റ് വിത്യാസം നാലും അഞ്ചും മാത്രമാണെന്നുള്ളത് ഇരു ടീമുകൾക്കും ആശ്വസം നൽകും.
ഗോൾ വഴങ്ങാണ്ടിരിക്കാനായിട്ടുള്ള കരുതൽ കാരണം സമനിലയിൽ ആയി പോയ മത്സരം എന്ന് ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല. മുനയൊടിഞ്ഞ ആക്രമണനിര ആയിരുന്നു ഇരു ടീമിന്റെയും പ്രശ്‍നം. റാഷ്‌ഫോഡും മാർഷിയാലും ലോകോത്തര താരങ്ങളായി മാറാൻ ഇനിയും സമയം എടുക്കും. ബ്രൂണോ മാത്രമാണ് പ്രതീക്ഷക്ക് വക നൽകുന്നത്. സിറ്റിയിലാകട്ടെ സ്റ്റെർലിംഗും മഹ്‌റെസും അവരുടെ മികവിന്റെ മൂർദ്ധന്യാവസ്ഥ പിന്നിട്ടിരിക്കുന്നു. ഡി ബ്രൂയ്‌ന നൽകിയ ഒരു സുവർണ്ണാവസരം മഹ്‌റ്സ് പാഴാക്കിയില്ലായിരുന്നെങ്കിൽ ഒരു അതിസുന്ദര ഗോളിന് നാം സാക്ഷ്യം വഹിച്ചേനെ.
കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിലും ഗോൾ നേടാൻ ആയില്ല എന്ന വസ്തുത ഗാർഡിയോള വിശകലനം ചെയ്യേണ്ടി ഇരിക്കുന്നു. സിറ്റിക്കെതിരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റൊടെ പരാജയം ഒഴിവാക്കി എന്നുള്ളത് ഒഴിച്ചാൽ സോൾഷെയറിനും കാര്യമായി അഭിമാനിക്കാൻ ഒന്നും തന്നെ ഇല്ല.






































