ഒസാൻ കബാക്ക് – ലിവർപൂൾ ലക്ഷ്യമിടുന്ന തുർക്കി ഡിഫൻഡർ
ഡെജൻ ലോവ്റെൻ റഷ്യയിലേക്ക് പോയ സാഹചര്യത്തിൽ പറ്റിയൊരു പകരക്കാരനെ തേടുകയാണ് യോർഗെൻ ക്ളോപ്പ്. ജർമൻ ക്ലബ് ഷാൽകെക്ക് വേണ്ടി കളിക്കുന്ന, വെറും 20 വയസ്സ് മാത്രം പ്രായമുള്ള തുർക്കി താരമാണ് ക്ളോപ്പിന്റെ കണ്ണിൽ ഉടക്കിയത്. 32 മില്യൺ യൂറോ ആണ് ഒസാന്റെ വിപണിയിലുള്ള മൂല്യം.
2018 ൽ ആണ് ഒസാൻ ജർമനിയിൽ എത്തുന്നത്. ഗലാറ്റസറയിൽ നിന്ന് സ്റ്റ്റ്ഗട്ടിലേക്ക് ചേക്കേറിയ താരം മികച്ച പ്രകടനം മൂലം 2019ൽ ഷാൽക്കെയിൽ വന്നു ചേർന്നു. ഈ സീസണിൽ ഷാൽകെ ടീമിലെ സ്ഥിരം സാന്നിധ്യമായി ഒസാൻ മാറുകയും ചെയ്തു. ജേഡൻ സാഞ്ചോയും ഒസാനുമാണ് 2018നു ശേഷം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച യുവ പ്രതിഭകൾ.
പുതിയ സെർജിയോ റാമോസ് ആയിട്ടാണ് ജർമനിയിൽ അദ്ദേഹം അറിയപെടുന്നത്. 26 ലീഗ് മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്ത താരം, ഷാൽകെയിൽ ഏറ്റവും കൂടുതൽ ചലഞ്ചസ് നടത്തിയ ഡിഫൻഡർ ആണ്. 60 ബുണ്ടസ്‌ലീഗ മത്സരങ്ങൾ പൂർത്തീകരിച്ച ഒസാൻ ഒരിക്കൽ പോലും റെഡ് കാർഡ് കണ്ടു പുറത്ത് പോയിട്ടും ഇല്ല. 6’1″ ഉയരമുള്ള ഒസാൻ ഹൈ ബോളുകളിലും നല്ല പ്രാവിണ്യം പ്രകടിപ്പിക്കുന്നു. മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഷാൽക്കെക്ക് വേണ്ടി ലീഗിൽ മാത്രം ഒസാൻ ഈ സീസണിൽ സംഭാവന ചെയ്തിട്ടുമുണ്ട്.
യോർഗെൻ ക്ളോപ്പും ഷാൽകെ മാനേജറുമായ വാഗ്നറും അടുത്ത സുഹൃത്തുക്കളാണ്. ഈ ബന്ധം ഒസാനെ ടീമിൽ എത്തിക്കാൻ ക്ളോപ്പ് ഉപയോഗിക്കുന്നു എന്നാണ് ജർമൻ മാധ്യമമായ ബ്ലിൻഡ് റിപ്പോർട്ട് ചെയ്തത്. മാത്രമല്ല വാൻ ഡൈക് തന്റെ പ്രതിപുരുഷനാണെന്ന് ഒസാനും അടുത്ത് പറയുക ഉണ്ടായി. എല്ലാം താരത്തിന്റെ ആൻഫീൽഡിലേക്കുള്ള വരവിനെ സൂചിപ്പിക്കുന്നു.
പക്ഷെ ഒസാനു ലിവർപൂളിൽ കടുത്ത മത്സരം നേരിടേണ്ടി വരും. വാൻ ഡൈകിനു ഒപ്പം ജോ ഗോമസ് ആണ് പലപ്പോഴും സ്റ്റാർട്ട് ചെയുന്നത്. മികച്ച പ്രതിഭയുള്ള മറ്റൊരു യുവ ഡിഫൻഡർ ആണ് ഗോമസ്. അതും കൂടാതെ മാറ്റിപ്പും ആദ്യ പതിനൊന്നിൽ കളിയ്ക്കാൻ പരിശ്രമിക്കുന്നു. പക്ഷെ ലീഗും ചാമ്പ്യൻസ് ലീഗും ലക്ഷ്യമിടുന്ന ലിവർപൂളിന് സ്‌ക്വാഡ് ഡെപ്ത് അനിവാര്യമാണ്. ആയതിനാൽ ലിവർപൂളിൽ അവസരങ്ങൾ ഒസാനെ തേടി വരും എന്ന് തന്നെ വേണം അനുമാനിക്കാൻ.






































