Editorial Foot Ball legends Top News

സാന്റി കസോളാ ബൂട്ട് അഴിക്കുന്നു; ഇന്ന് യാത്ര അയപ്പ്

July 19, 2020

സാന്റി കസോളാ ബൂട്ട് അഴിക്കുന്നു; ഇന്ന് യാത്ര അയപ്പ്

പ്രൊഫഷണൽ ഫുട്ബോളർ എന്ന നീണ്ട 17 വർഷത്തെ കസോളയുടെ കരിയർ ഇന്ന് അവസാനിക്കുന്നു.ഇന്ന് വിയ്യാറയൽ ഐബറിന് നേരിടുമ്പോൾ മഞ്ഞ കുപ്പായത്തിലെ താരത്തിന്റെ അവസാന മത്സരമായിരിക്കും എന്ന് ക്ലബും അംഗീകരിക്കുന്നു. ഈ സീസൺ അവസാനത്തോടെ താരവും ക്ലബും തമ്മിലുള്ള കരാർ അവസാനിക്കും.

ആഴ്സനലിലെ ചുവന്ന കുപ്പായമാണ് സാന്റിയെ പ്രസിദ്ധമാക്കിയത്.പക്ഷെ അദ്ദേഹം കരിയർ 2003 ൽ തുടങ്ങിയത് വിയ്യാറയലിൽ തന്നെ ആയിരുന്നു. അസാധ്യ പാസിംഗ് സ്കിൽ, കണ്ണഞ്ചിക്കുന്ന ബോൾ കണ്ട്രോൾ, സമഗ്രമായ വീക്ഷണം എന്നിവ അദ്ദേഹത്തെ സ്പെയിനിൽ പ്രസിദ്ധനാക്കി. വെറും 5’6 ” നീളമുള്ള ഈ മിഡ്‌ഫീൽഡറെ തേടി 2008 ൽ നാഷണൽ ടീമിലേക്ക് വിളിയും വന്നു.

2008, 2012 യൂറോ കപ്പ്, 2010 ലോക കപ്പ് എന്നിവ നേടിയ സ്പാനിഷ് ടീമിലെ അംഗമായിരുന്നു കസോളാ. 80 മത്സരങ്ങളിൽ സ്പെയിനിനെ പ്രധിനിതികരിച്ച താരം 15 ഗോളുകളും രാഷ്ട്രത്തിനായി സംഭാവന നൽകി.

2010 ൽ 20 മില്യൺ യുറോക്ക് മലാഗ സാന്റിയെ വാങ്ങി. അവിടെ ഇന്നത്തെ റയൽ മാഡ്രിഡ് താരം ഇസ്‌കോയുമായുള്ള കൂട്ട് കെട്ട് ലോകശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ ഇംഗ്ലണ്ടിൽ നിന്ന് ആർസെൻ വെങ്ങേരുടെ വിളിയും വന്നു.

2012 ൽ ആഴ്സണലിൽ എത്തിയ താരത്തിന്റെ ദൗത്യം ഫാബ്രെഗസ് പോയ വിടവ് നികത്തുക എന്നുള്ളതായിരുന്നു.പക്ഷെ സമ്മർദ്ദം അദ്ദേഹത്തെ തീരെ തളർത്തിയില്ല. ഏതു സമ്മർദ്ദ ഘട്ടത്തിലും കാര്യങ്ങൾ ലഘുവാക്കുനത് തന്നെയാണ് അദ്ദേഹത്തിന്റെ ഗുണവും. ആദ്യ മത്സരത്തിൽ തന്നെ മാന് ഓഫ് ദി മാച്ച്. ആദ്യ സീസണിൽ ആഴ്സണലിന്റെ മികച്ച താരവും. അതായിരുന്നു സാന്റിയുടെ അന്നത്തെ മികവ്.

അർട്ടേറ്റയുമായി ചേർന്ന് ആഴ്‌സനലിന്റെ മധ്യനിര അദ്ദേഹം ഭദ്രമാക്കി. റാംസെ, ഓസിൽ എന്നിവരുമായി ചേർന്ന് ഒഴുകുന്ന ഫുട്ബോൾ ആരാധകർക്ക് സമ്മാനിച്ചു. ഇടം കാലും കൊണ്ടും വലം കാലും കൊണ്ടും ഒട്ടനവധി സുന്ദരമായ ഗോളുകൾക്ക് പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചു. മധ്യനിരയെ കീറിമുറിച്ചു അദ്ദേഹം ഫോർവേഡുകൾക്ക് നല്കുന്ന പാസ്സ്സുകൾ കാണാൻ തന്നെ അഴകായിരുന്നു. അങ്ങനെ ഒരു പേരും അദ്ദേഹം സ്വന്തമാക്കി – the little magician. ആഴ്സണലിനായി 129 ലീഗ് മത്സരങ്ങൾ കളിച്ച അദ്ദേഹം 25 ഗോളുകളും 35 അസിസ്റ്റും സംഭവനും നൽകി.

2018 ൽ തിരിച്ചു വിയ്യാറയിലിലേക്ക് മടക്കം. ഈ അവസാന സീസണിൽ എല്ലാ മത്സരങ്ങളിലുമായി 15 ഗോളുകളും 8 അസിസ്റ്റും. അതായത് ഇന്നത്തെ ഏത് ആഴ്‌സണൽ മിഡ്‌ഫീൽഡറെക്കാളും കേമൻ ആണ് ഈ 35 ആം വയസ്സിലും കസോളാ.

വിരമിക്കലിനു ശേഷം തന്റെ സുഹൃത്തും കൂടി ആയ ആർട്ടെട്ടയുടെ കൂടെ ആഴ്സണലിൽ പരിശീലനത്തിലേക്ക് കാൽവെക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം എന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്. അങ്ങനെ എങ്കിൽ പരിക്ക് മൂലം ഒരു വിടവാങ്ങൽ ആഴ്സണലിൽ നഷ്ടപെട്ട അദ്ദേഹത്തിന് ഒരു മധുരമായ മടക്കമാകും അത്. ഏതായാലും ഇന്ന് സാന്റിക്ക് ഗംഭീരമായ വിടവാങ്ങൽ നൽകാനുള്ള ഒരുക്കത്തിലാണ് വിയ്യറായാൽ.

 

Leave a comment