അമ്പയർ ആയും ക്യാപ്റ്റൻ ആയും തിളങ്ങിയ ഒരേ ഒരാൾ
1993 ജനുവരി മാസത്തെ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസ്…. ആദ്യമായാണ് ഒരു ഫുൾ സീരീസ് ടിവിയിൽ കാണുന്നത്. അക്കാലത്ത് ഇന്ത്യൻ ടീമിനോടും കളിക്കാരോടും അമിതാരാധന തലക്ക് പിടിച്ചതിനാൽ തന്നെ അവരുടെ ഗ്രൗണ്ടിലെയും പുറത്തേയും ഓരോ ചലനങ്ങളും മന:പാഠമായിരുന്നു…
കളിക്കാരോടൊപ്പം തന്നെ അക്കാലത്ത് ടി വി സ്ക്രീനിൽ ആകാംക്ഷയോടെ കണ്ടു നിന്ന ,എവിടെയോ കണ്ടു പരിചയമുള്ള ഒരു മുഖം കൂടി ആ മൈതാനങ്ങളിൽ ഉണ്ടായിരുന്നു. കുംബ്ലെയും രാജുവും ചൗഹാനുമെല്ലാം ഓരോ വിക്കറ്റിനും വേണ്ടി അപ്പീൽ ചെയ്യുമ്പോൾ നിർവികാരനായി ചൂണ്ടുവിരൽ പൊക്കുന്ന, റൗണ്ട് ഹാറ്റും കണ്ണടയും വച്ച ആ മനുഷ്യൻ, ആ അമ്പയർ – അതെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നറിലൊരാളും രണ്ടു ലോകകപ്പ്കളിൽ ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്ന എസ്.വെങ്കട് രാഘവൻ.
കളിക്കാരൻ, അമ്പയർ എന്നീ നിലകളിൽ ശോഭിച്ചവർ ഒന്നിലധികം പേർ (ധർമസേന, പോൾ റീഫൽ , ഇല്ലിംഗ് വർത്ത് etc) അന്താരാഷ്ട്ര രംഗത്ത് ഉണ്ടെങ്കിലും വെങ്കട്നെപ്പോലെ സംഭവ ബഹുലമായ ഒരു ഇരട്ട കരിയർ അവകാശപ്പെടാൻ ആർക്കും ഒരു പക്ഷേ കഴിഞ്ഞേക്കില്ല. 1945ൽ മദ്രാസിൽ ജനിച്ച ഇദ്ദേഹം തൻ്റെ എഞ്ചിനിയറിംഗ് പഠനത്തിന് ശേഷം ഇരുപതാം വയസ്സിലാണ് ഇന്ത്യൻ ടീമിൽ എത്തിയത്. ഇരുപതു വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ അമ്പത്തേഴ് ടെസ്റ്റുകൾ കളിച്ച അദ്ദേഹം 156 വിക്കറ്റുകൾ തൻ്റെ ഓഫ് സ്പിൻ മികവിലൂടെ എറിഞ്ഞു വീഴ്ത്തി. എഴുപതുകളിൽ വിഖ്യാതമായ ചന്ദ്ര-ബേദി – പ്രസന്ന – വെങ്കട് സ്പിൻ കൂട്ടുകെട്ട് ലോകമാകമാനം ടെസ്റ്റ് ടീമുകൾക്ക് പേടി സ്വപ്നവും ഇന്ത്യക്ക് ഒട്ടേറെ വിജയങ്ങൾ നേടിത്തന്ന ബൗളിങ് യൂണിറ്റുമായിരുന്നു. 1975,79 ലോകകപ്പുകളിൽ ഇന്ത്യൻ ക്യാപ്റ്റനായ വെങ്കട്ട് ഇരു ടൂർണമെൻ്റുകളിൽ ആയി കരിയറിൽ 15 ഏകദിനവും കളിച്ചു.
1994 ൽ ICC യുടെ പുതിയ തീരുമാനമായ അന്താരാഷ്ട്ര അമ്പയറിംഗ് പാനൽ നിലവിൽ വന്നതോടെ അതിലിടം നേടിയ വെങ്കട്ന് ഇതോടെ ഇതര രാജ്യങ്ങളിൽ ന്യൂട്രൽ അമ്പയറായി മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരവും കൈവന്നു. ലോകമാകമാനം വിവിധ ടെസ്റ്റ് രാജ്യങ്ങളിൽ ന്യൂട്രൽ അമ്പയറായി നിന്ന ഇദ്ദേഹം ആറ് ആഷസ് ടെസ്റ്റ് കളിലും ഭാഗമായി. 2002 ൽ ICC ലോകത്തെ മികച്ച എട്ട് അമ്പയർമാരുടെ എലീറ്റ് പാനൽ രൂപീകരിച്ചപ്പോൾ, 2004ൽ റിട്ടയർമെൻ്റ് വരെ അദ്ദേഹം അതിൽ അംഗമായി തുടർന്നു. 1996,99, 2003 ലോകകപ്പുകളിൽ മത്സരങ്ങൾ നിയന്ത്രിച്ച ഇദ്ദേഹം കരിയറിൽ ആകെ 73 ടെസ്റ്റുകളിലും 52 ഏകദിന മത്സരങ്ങളിലും അമ്പയർ എന്ന നിലയിൽ ഭാഗമായി.
Suresh Varieth






































