‘തലൈവന്‍’ ധോണി ‘തിരുമ്പി വന്തിട്ടേന്ന്’ ശൊല്‍
ചെന്നൈ: നീണ്ട ഇടവേളയ്ക്കു ശേഷം മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു. ഐ.പി.എല്‍ സീസണിന്റെ ഭാഗമായി ധോണി മാര്‍ച്ച് രണ്ടിന് പരിശീലനം തുടങ്ങുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ പരിശീലനത്തില്‍ സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു തുടങ്ങിയവരും ധോണിക്കൊപ്പമുണ്ടാകും.
റെയ്‌നയും റായ്ഡുവും നേരത്തേ പരിശീലനം തുടങ്ങി. കുറച്ചു നാളത്തെ പരിശീലനത്തിനുശേഷം മാര്‍ച്ച് 19-നു തുടങ്ങുന്ന ടീം ക്യാമ്പില്‍ ചേരും. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോടു തോറ്റശേഷം ധോണി ഇന്ത്യയ്ക്കു വേണ്ടി കളിച്ചില്ല. രാജ്യാന്തര കരിയറിനെക്കുറിച്ച് മൗനം തുടരുന്നതിനിടെയാണ് ഐ.പി.എല്ലിലേക്കുള്ള ധോണിയുടെ വരവ്.
ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ മൂന്നു പ്രാവശ്യം ഐ.പി.എല്‍ കിരീടം നേടിയ ചെന്നൈ ഇത്തവണ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ജോഷ് ഹെയ്‌സല്‍വുഡ്, ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പീയൂഷ് ചൗള, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ തുടങ്ങിയവരെ സ്വന്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 29-ന് സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ മുംബൈയെ നേരിടും. മുംബൈയിലാണ് മത്സരം.






































