Cricket Editorial Top News

ഇന്ത്യ vs ന്യൂസിലാൻഡ്; ഒരു അവലോകനം

January 24, 2020

author:

ഇന്ത്യ vs ന്യൂസിലാൻഡ്; ഒരു അവലോകനം

ഇന്ത്യ ന്യൂസിലൻഡ് ടി ട്വന്റി പരമ്പരയ്ക്കു തുടക്കം കുറിക്കാൻ ഇനി മണി്ക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. സ്വന്തം നാട്ടിലെ തുടർച്ചയായ പരമ്പര വിജയങ്ങൾക്കു ശേഷം ന്യൂസിലണ്ടിനെതിരെ അവരുടെ നാട്ടിൽ കളിക്കാനിറങ്ങുമ്പോൾ ടീം ഇന്ത്യക്കു തെളിയിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. മഹേന്ദ്രസിംഗ് ധോണിയുടെ പിൻഗാമിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല എന്നതു മുതൽ പലപ്പോഴും സമ്മദ്ദത്തിന് മുന്നിൽ അടിയറവു പറയുന്ന മധ്യനിര വരെ ഒട്ടേറെ ഘടകങ്ങൾ ഇന്ത്യക്കു മുന്നിലുണ്ട്. ടോപ് ത്രീയിൽ നിന്നും മികച്ച സ്‌കോറുകൾ പിറക്കാത്ത പക്ഷം മികച്ച ടോട്ടൽ കണ്ടെത്താൻ സാധിക്കുന്നില്ല എന്ന പോരായ്മ ഒരുപക്ഷേ ടീമിനെ ഏറ്റവുമധികം വേട്ടയാടുക ഈ പരമ്പരയിലാകും.

ശിഖർ ധവാന്റെ അഭാവത്തിൽ ലോകേഷ് രാഹുലും രോഹിത് ശർമയും തന്നെയാകും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയെന്നത് ഏതാണ്ട് ഉറപ്പാണ്. മൂന്നാം നമ്പരിൽ കോഹ്ലിയും നാലാം നമ്പരിൽ ശ്രേയസ്സ് അയ്യരും വരുമ്പോൾ ടീമിന്റെ ടോപ് ഓർഡർ ഏതാണ്ട് ഭദ്രമാണ്. കൂടുതൽ മെച്ചപ്പെട്ട ബാറ്സ്മാനായ മനീഷ് പാണ്ഡേയെ ടീമിൽ ഉൾപ്പെടുത്തി ബാറ്റിങ് ശക്തമാക്കാനാകും കോഹ്ലി ശ്രമിക്കുക. പക്ഷേ ശിഖർ ധവാന്റെ അഭാവം സൃഷ്‌ടിച്ച വിടവ് നികത്താൻ സഞ്ജുവിനെയോ പന്തിനേയോ തീർച്ചയായും ടീമിൽ ഉൾപെടുത്തുമെന്നതിനാൽ ഈ സീരീസിൽ കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറാകാനുള്ള സാധ്യത വിരളമാണ്.

ഏതു രീതിയിലും ടീമിനു മുതൽക്കൂട്ടാകുന്ന രവീന്ദ്ര ജഡേജയുടെ സ്ഥാനവും ടീമിൽ ഏതാണ്ട് ഉറപ്പാണ്. മറ്റൊരു സ്പിന്നറെക്കൂടി ഉൾപ്പെടുത്തുവാൻ കോഹ്ലി തയ്യാറായാൽ തീർച്ചയായും കുൽദീപ് യാദവിനാകും നറുക്കു വീഴുക. പക്ഷേ ന്യൂസിലൻഡിലെ ചെറിയ ഗ്രൗണ്ടുകൾ കണക്കിലെടുത്തു ഒരു മീഡിയം പേസ് ഓൾ റൗണ്ടറായ ശിവം ദുബൈയെയാകും ടീമിൽ ഉൾപെടുത്തുക എന്നാണ് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചെറിയ ബൗണ്ടറികൾ അനായാസം ക്ലിയർ ചെയ്യാൻ കഴിയുന്ന ഹിറ്ററാണ് ദുബെ എന്നതും അയാൾക്ക് അനുകൂലമായ ഘടകമാണ്.

ജസ്പ്രീത് ബുംറ, മുഹമ്മദ്‌ ഷമി, നവദീപ് സൈനി എന്നിവർ തന്നെയാകും ടീമിന്റെ ഫാസ്റ്റ് ബൌളിംഗ് ഡിപ്പാർട്മെന്റ് നയിക്കുക. കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനം ന്യൂസിലാൻഡിലും ഇവർ തുടർന്നാൽ ഒരു പരമ്പര വിജയം ഇന്ത്യക്ക് അത്ര ശ്രമകരമാവില്ല.

Leave a comment