Cricket cricket worldcup Editorial Top News

പടരട്ടെ ക്രിക്കറ്റ്‌ കൂടുതൽ ഹൃദയങ്ങളിലേക്ക്

January 21, 2020

author:

പടരട്ടെ ക്രിക്കറ്റ്‌ കൂടുതൽ ഹൃദയങ്ങളിലേക്ക്

ഇന്നൊരു ക്രിക്കറ്റ്‌ മത്സരം നടന്നിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലൊരു ക്രിക്കറ്റ്‌ മത്സരം. കളിയിൽ ജപ്പാൻ പരാജയപ്പെട്ടു. അത്യാവശ്യം മോശമായിത്തന്നെ. ആദ്യം ബാറ്റു ചെയ്ത ജപ്പാൻ ഇരുപത്തിമൂന്നാം ഓവറിൽ നാൽപത്തിയൊന്ന് റണ്ണുകൾക്ക് എല്ലാവരും പുറത്തായപ്പോൾ അഞ്ചാമത്തെ ഓവറിൽത്തന്നെ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ ബൗളർമാർ വിട്ടുകൊടുത്ത പത്തൊൻപത് എക്സ്ട്രാ റണ്ണുകൾ കൂടിയില്ലായിരുന്നുവെങ്കിൽ ജപ്പാൻ സ്കോർ ഇതിലും പരിതാപകരമായേനെ.

പക്ഷേ ഇവിടെയുമൊരു വിജയമുണ്ട്. ക്രിക്കറ്റിന്റേതാണത്. ലോകം മുഴുവൻ പിന്തുടരുന്ന ഒരു ഗെയിമായി മാറാൻ ക്രിക്കറ്റ്‌ ഇത്തരം രാജ്യങ്ങളിലേക്ക് പടർന്നു പന്തലിക്കേണ്ടതുണ്ട്. അതിനുള്ള വിത്തുകളാണ് അണ്ടർ 19 ലോകകപ്പിൽ വിതയ്ക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാൻ, നേപ്പാൾ മുതലായ രാജ്യങ്ങൾ ലോകക്രിക്കറ്റിലേക്ക് പിച്ചവെച്ചു കയറിയത് കൗമാര താരങ്ങളുടെ ലോക കായിക മാമാങ്കത്തിലൂടെയായിരുന്നു. കൂടുതൽ രാജ്യങ്ങളിൽ നിന്നും നാമറിയാതെ പോകുമായിരുന്ന പ്രതിഭകൾ ഉദയം ചെയ്തത് ഇതേ ടൂർണമെന്റ വഴിയായിരുന്നു.

ക്രിക്കറ്റിന് അത്ര വേരോട്ടമില്ലാത്ത ജപ്പാൻ പോലൊരു രാജ്യം ലോകകപ്പിൽ പങ്കെടുക്കുന്നത് വളരെ വലിയൊരു കാര്യമാണ്. ആ രാജ്യത്തെ മോശമല്ലാത്തൊരു വിഭാഗം കൗമാര പ്രായക്കാരുടെ ശ്രദ്ധയാകർഷിക്കാൻ കൂടി ആ ടീമിനു സാധിച്ചിട്ടുണ്ടെങ്കിൽ ജപ്പാൻ അണ്ടർ 19 ടീം ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി ചെയ്യുന്ന മഹത്തരമായ ഒരു കാര്യമാകുമത്. അവർ തെളിച്ച വഴിയേ കൂടുതൽ യുവ പ്രതിഭകൾ ക്രിക്കറ്റിനെ ഗൗരവമായെടുത്താൽ ഒരു പക്ഷേ വർഷങ്ങൾക്കു ശേഷം ജപ്പാൻ ലോകക്രിക്കറ്റിൽ അദ്‌ഭുതങ്ങൾ സൃഷ്ടിച്ചേക്കാം.

വിജയങ്ങൾ ഒരിക്കലും ഒരു ദിവസം കൊണ്ടു സൃഷ്ടിക്കപ്പെടുന്നവയല്ല. 1983ൽ ലോകകപ്പ് നേടുന്നതിനും വർഷങ്ങൾക്കു മുൻപേ ഇന്ത്യ ക്രിക്കറ്റിൽ അവരുടെ ഭാഗ്യപരീക്ഷണം തുടങ്ങിയിരുന്നു. പിന്നെയും വർഷങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് നാമിന്നു കാണുന്ന ലോക ഒന്നാം നമ്പർ ടീം. പക്ഷേ ജപ്പാൻ ടീമിന് പ്രചോദനത്തിനായി അത്രയേറെ വർഷങ്ങൾ പിന്നിലേക്കു പോകേണ്ടതില്ല. കുറച്ചു മാത്രം വർഷങ്ങൾ മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ ചുവടുവെച്ച, ആഭ്യന്തര യുദ്ധങ്ങൾ ഏതാണ്ട് പൂർണമായും നശിപ്പിച്ച അഫ്ഗാനിസ്ഥാൻ എന്ന രാജ്യം അവർക്കു മുന്നിലുണ്ട്. എല്ലാ വറുതികളിൽ നിന്നും ക്രിക്കറ്റിൽ മാത്രം ആശ്വാസം കണ്ടെത്താൻ വിധിക്കപ്പെട്ടവർ. ആദ്യമത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കൻ പടയെ തകർത്ത അവർ വരവറിയിച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാൻ സഞ്ചരിക്കുന്ന വേഗത്തിൽ ടോപ് ഫ്ലൈറ്റിലെത്താൻ ഒരു പക്ഷേ ജപ്പാനു സാധിച്ചേക്കില്ല. എങ്കിലും പ്രതീക്ഷ വെയ്ക്കുകയാണ്. പ്രതീക്ഷകളല്ലേ ഭാവിയിലേക്കു കരുതിവെയ്ക്കാൻ പറ്റൂ.

Leave a comment