EPL: ആർസെനൽ ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസെനൽ ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും. പുതിയ കോച്ച് മിക്കേൽ ആർട്ടെറ്റയുടെ കീഴിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയും ലീഡ്‌സിനെതിരെയും നേടിയ വിജയങ്ങളുടെ പിൻബലത്തിൽ പോയിന്റ് ടേബിളിൽ 10ആം സ്ഥാനത്തുനിന്നു മുന്നിലേക്ക് വരാൻ തയ്യാറെടുക്കുന്ന ഗണ്ണേഴ്സിന് ഇന്ന് ക്രിസ്റ്റൽ പാലസിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയം അനിവാര്യമാണ്. സെബാലോസ്, മാർട്ടിനെല്ലി എന്നിവർ പരിക്കിൽ നിന്നു തിരിച്ചു വരുന്നത് ആർസെനലിനു ശക്തി നൽകും.
മറുവശത്തു റോയ് ഹഡ്സൺ പരിശീലിപ്പിക്കുന്ന ക്രിസ്റ്റൽ പാലസിന് പ്രമുഖ താരങ്ങളുടെ പരിക്കും സസ്‌പെൻഷനും ഒരു തലവേദനയാണ്.സീനിയർ താരങ്ങളായ വാൻ ആൽഹോട്ട്, ടൗൺസെൻഡ്, വാർഡ്, മിൽജോവിക് എന്നിവരുൾപ്പെടെ ഏതാണ്ട് 10ഓളം താരങ്ങൾ ക്രിസ്റ്റൽ പാലസ് നിരയിൽ ഇന്നുണ്ടാകില്ല. എങ്കിലും എതിരാളികൾക്കെതിരെ ശക്‌തമായ പോരാട്ടം കാഴ്ചവെക്കാറുള്ള പാലസിനെ ആർസെനലിനു നിസ്സാരന്മാരായി കാണാൻ കഴിയില്ല. സീസണിൽ മുന്നേ ഏറ്റുമുട്ടിയപ്പോൾ ആർസെനൽ ആദ്യ പകുതിയിൽ രണ്ടു ഗോൾ ലീഡ് നേടിയിട്ടും 2-2എന്ന സ്കോറിന് പാലസിന് മുന്നിൽ സമനില വഴങ്ങേണ്ടി വന്നിരുന്നു. അതിനാൽ തന്നെ മുൻ മത്സരത്തിലെ പിഴവ് അവർത്തിക്കാതിരിക്കാനാകും ആർസെനാൽ ശ്രമിക്കുക.
ടീം ന്യൂസ് : മാർട്ടിനെല്ലി, സെബാലോസ് എന്നിവർ മുന്നേറ്റ നിരയിൽ പരിക്ക് ഭേദമായി തിരിച്ചുവന്നെങ്കിലും യൂണൈറ്റഡിനെതിരെ ജയിച്ച സ്‌ക്വാഡിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണു. ഓസിൽ, പെപെ, ആബ, ലകാസെറ്റ് തന്നെയാവും ഇത്തവണയും മുൻ നിരയുടെ ചുമതല. മധ്യനിരയിൽ ഷാക്ക, ടൊറേറ സ്ഥാനമുറപ്പിക്കുമ്പോൾ ഡിഫെൻസിൽ ലൂയിസ് -സോക്രട്ടീസും, റൈറ്റ് ബാക്ക് ആയി മേയ്റ്റ്ലാൻഡ് നെയ്ൽസും തുടരും. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കോലാസിനാക്കിന് പകരം ബുക്കയോ സാകക്കു അവസരം കൊടുക്കാൻ ആർട്ടേറ്റ തുനിഞ്ഞേക്കും.






































