ആരാധകരെ പരിഹസിക്കുന്ന ബ്ലാസ്റ്റേഴ്സ്
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നിരാശ മാത്രം സമ്മാനിച്ച മറ്റൊരു മത്സരംകൂടി കടന്നുപോയി.
ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് മത്സരത്തെ മറ്റൊരു രീതിയിലും വിശേഷിപ്പിക്കേണ്ടി വരില്ല. തുടർച്ചയായ തോൽവികളും സമനിലകളും കണ്ടു ശീലിച്ചതിനാൽത്തന്നെ ഈ സമനില ആരാധകർക്കിടയിലും വലിയ അമ്പരപ്പുളവാക്കിയില്ല.
പക്ഷേ ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനെയും ഇരുത്തി ചിന്തിപ്പിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. എന്താണ് ഈ ടീമിന്റെ ലക്ഷ്യം?. കേരളത്തിന്റെ ഫുട്ബോൾ കമ്പം മുതലെടുത്തു പണം വാരുക എന്നതിലേറെ ഒരു തരത്തിലുള്ള ആത്മാർത്ഥതയും നാളിതുവരെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്നും കണ്ടിട്ടില്ല. പരിശീലകർ മുതൽ കളിക്കാരെ തിരഞ്ഞെടുക്കുന്ന രീതിയിൽ നിന്നും അതു തുടരുന്നു. ആദ്യ സീസണിൽ അൽപം മികച്ച ഒരു ടീമിനെ കളത്തിലിറക്കിയതു മാറ്റിനിർത്തിയാൽ പലപ്പോഴും ഈ ആരാധകബാഹുല്യത്തെ പരിഹസിക്കുന്ന വിധത്തിലാണ് ബ്ലാസ്റ്റേഴ്സ് പ്രവർത്തിക്കുന്നത്.
പരിക്കുകൾ, അതാണ് ഓരോ സീസണിലും മാനേജ്മെന്റ് ആവർത്തിക്കുന്ന പല്ലവി. പക്ഷേ അതു മറികടക്കാൻ എന്താണ് അവർ ചെയ്തതെന്ന ചോദ്യം നിലനിൽക്കുന്നു. ഒരു പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം താരങ്ങൾ പരിക്കുമൂലം റീപ്ലേസ് ചെയ്യപ്പെടുന്നത് കേരളാ ബ്ലാസ്റ്റേഴ്സിലാകും. കളിക്കളത്തിലെ പരിക്കുകൾ തീർച്ചയായും ഒഴിവാക്കാൻ സാധിക്കുന്നതല്ല. പക്ഷേ അവ മറികടക്കാൻ ടീം എന്താണ് ചെയ്യുന്നത്?. ബെംഗളൂരു പോലുള്ള ടീമുകൾ ലോകോത്തര നിലവാരത്തിലുള്ള വൈദ്യസഹായം കളിക്കാർക്കു നൽകുമ്പോൾ പരിക്കിൽ നിന്നും താരങ്ങൾ മോചിതരാകുമോ എന്നു വ്യക്തമായി പറയാൻ പോലും ബ്ലാസ്റ്റേഴ്സിനു പലപ്പോഴും സാധിക്കുന്നില്ല.
ഒരു ടീം എന്ന നിലയിൽ ഒത്തിണക്കം കാണിക്കാൻ പലപ്പോഴും ബ്ലാസ്റ്റേഴ്സിനു സാധിക്കുന്നില്ല. വൻ താരങ്ങൾ തങ്ങളുടെ കരിയറിന്റെ അവസാന പാദം ചിലവഴിക്കാൻ എത്തുന്ന ഒരു ലീഗിൽ അവരുടെ വേഗതയിൽ നമുക്കു കൂടുതൽ പ്രതീക്ഷകൾ വെയ്ക്കാൻ സാധിയ്ക്കില്ല. പക്ഷെ അവരുടെ അനുഭവസമ്പത്തു പ്രയോജനപ്പെടുത്തി ഒരു മികച്ച ടീമിനെ കളത്തിലിറക്കാൻ നമുക്കു സാധിക്കില്ലേ?. ഒന്നോ രണ്ടോ സീസണുകൾക്കുശേഷം പ്രതിഫലത്തെചൊല്ലി മികച്ച ആഭ്യന്തര താരങ്ങളെ പലപ്പോഴും ബ്ലാസ്റ്റേഴ്സ് കൈവിട്ടിട്ടുണ്ട്. ആദ്യസീസണുശേഷം സുശാന്ത് മാത്യു ഇതിനെപ്പറ്റി വിമർശനം ഉന്നയിച്ചിരുന്നു. പക്ഷേ ഇപ്പോഴും അതേ നില തുടരുകയാണ്.
കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഓഗ്ബച്ചേ കേരളത്തിനായി നിറം മങ്ങിയ കളിയാണ് പുറത്തെടുക്കുന്നത്. പലപ്പോഴും നമ്മുടെ മാനേജ്മെന്റ് ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രമായി അവരുടെ ദൃഷ്ടി പരിമിതപ്പെടുത്തുന്നുവോ എന്നു സംശയം ജനിപ്പിക്കുന്നു. മറ്റു രാജ്യങ്ങളിലെ മികച്ച ലീഗുകളിൽ കളിച്ചു പരിചയമുള്ള കളിക്കാരെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകാണാറില്ല. എ.ടി.കെ പോലുള്ള ടീമുകൾ ഇത്തരം കാര്യങ്ങളിൽ കാട്ടുന്ന മികവ് കേരളം മാതൃകയാക്കണം.
മറ്റൊരു സീസൺ കൂടി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ നിരാശാജനകമായ പ്രകടനം തുടരുകയാണ്. അതു കാണുന്ന ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും തീർച്ചയായും മനസ്സിൽ പറയുന്നുണ്ടാകും.
ഞങ്ങൾ ഇതിനേക്കാൾ മികച്ച പ്രകടനങ്ങൾ അർഹിക്കുന്നു.






































