Editorial Foot Ball Top News

പുതുവർഷത്തിൽ ചരിത്രം കുറിയ്ക്കാൻ ലിവർപൂൾ

December 27, 2019

author:

പുതുവർഷത്തിൽ ചരിത്രം കുറിയ്ക്കാൻ ലിവർപൂൾ

പകുതി ദൂരം പിന്നിടുമ്പോൾ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പോരാട്ടം ഏതാണ്ട് അവസാനിച്ച മട്ടാണ്. പരാജയമറിയാതെ കുതിയ്ക്കുന്ന ലിവർപൂൾ കിരീടം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഒരു മത്സരം കുറവു കളിച്ചിട്ടും രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലെസ്റ്റർ സിറ്റിയേക്കാൾ പതിമൂന്നു പോയന്റുകളുടെ മുൻ‌തൂക്കം ലിവർപൂൾ നേടിക്കഴിഞ്ഞു. പതിനെട്ടു മത്സരങ്ങളിൽ നിന്നും മുപ്പത്തിയെട്ടു പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളിനെക്കാൾ ബഹുദൂരം പിന്നിലാണ്.

ലീഗിൽ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരുമായി ഇന്നലെ നടന്ന മത്സരത്ത്തിൽ വിജയം കണ്ടതോടെയാണ് ക്ലോപും ശിഷ്യന്മാരും ലീഡുയർത്തിയത്. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത നാലു ഗോളുകൾക്കു പരാജയപ്പെടുത്തി പോയൻറ് നേട്ടം അൻപത്തിരണ്ടാക്കിയ ലിവർപൂൾ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ എറ്റവും മികച്ച ലീഡുമായി പുതുവർഷത്തിലേക്കു പ്രവേശിക്കും. ഇതിനു മുൻപ് സർ അലക്സ്‌ ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് ഒരു ഡസനിൽ ഏറെ പോയൻറ് വ്യത്യാസവുമായി പുതുവർഷം ആഘോഷിച്ചിട്ടുള്ളത്‌. അന്നവർ കിരീടം നേടുകയും ചെയ്തിരുന്നു. ഒന്നിലേറെ വർഷങ്ങളിൽ മികച്ച ലീഡ് കരസ്ഥമാക്കിയ ശേഷം കിരീടം കൈവിട്ട ചരിത്രമുള്ള ലിവർപൂളിന് ഇത്തവണയും നിർണായക ഘട്ടത്തിൽ കാലിടറുമോയെന്നത് മാത്രമാണ് ആരാധകരുടെ നിലവിലെ ആശങ്ക.

പക്ഷേ ഇത്തവണ അത്തരം ആശങ്കൾക്ക ഇടം നൽകാതെയാണ് ലിവർപൂൾ കുതിയ്ക്കുന്നത്. മാത്രമല്ല പരമ്പരാഗതമായി കിരീടപ്രതീക്ഷ വച്ചുപുലർത്താറുള്ള എല്ലാ ക്ലബ്ബുകളും ഇത്തവണ ലിവർപൂളിനേക്കാൾ ബഹുദൂരം പിന്നിലായിരിക്കുന്നു. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് അല്പമെങ്കിലും സാദ്ധ്യതകൾ വച്ചു പുലർത്തുന്നത്. പക്ഷേ അതിനാകട്ടെ ഇനിയുള്ള മത്സരങ്ങളിൽ ചുരുങ്ങിയ പക്ഷം മൂന്നു മത്സരമെങ്കിലും ലിവർപൂൾ പരാജയം സമ്മതിക്കണം. മാത്രമല്ല പെപ്പും സംഘവും വിജയങ്ങൾ മാത്രം നേടുകയും ചെയ്യണം. അതിനുള്ള സാധ്യതകൾ വിരളമാണ്.

ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹം ഹോട്സ്പർ മുതലായ മറ്റു ടീമുകൾക്കും പ്രകടനം കൊണ്ടു ലിവർപൂളിന് വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല മിഡ് ടേബിൾ ടീമുകളോട് പോലും പരാജയം രുചിച്ച ഇവർ ആദ്യ ആറിലെത്താൻ പോലും പാടുപെടുന്ന കാഴ്ച കണ്ടുകൊണ്ടാണ് 2019 കടന്നുപോകുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച കിരീടപോരാട്ടം കാണുന്ന പ്രീമിയർ ലീഗിൽ പക്ഷേ ഈ വർഷം വ്യത്യസ്തമായ ഒരു സ്ഥിതിയാണ്. ലിവർപൂൾ എതിരാളികളില്ലാതെ മുന്നേറുമ്പോൾ അദ്‌ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ പ്രീമിയർ ലീഗ് നിലവിൽ വന്നശേഷമുള്ള അവരുടെ ആദ്യ ഇംഗ്ലീഷ് കിരീടവിജയം എന്ന സ്വപ്നം 2020ൽ ക്ലോപും സംഘവും യാഥാർഥ്യമാക്കും.

Leave a comment