Cricket Editorial Top News

ഐ. പി. എൽ ഓക്ഷൻ ; തഴയപ്പെട്ട പ്രമുഖ താരങ്ങൾ

December 20, 2019

author:

ഐ. പി. എൽ ഓക്ഷൻ ; തഴയപ്പെട്ട പ്രമുഖ താരങ്ങൾ

ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ പല വമ്പൻ താരങ്ങളും പണം വാരിയിരുന്നു. ഓസീസ് ബൗളർ പാറ്റ് കമ്മിൻസ്, സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്, വിൻഡീസ് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റമെയ്ർ മുതലായ താരങ്ങൾ വൻ തുകയ്ക്കു ലേലം ചെയ്യപ്പെട്ടപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഐ. പി. എൽ ഫ്രാഞ്ചെസികളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടാൻ സാധിക്കാതെ പോയ ചില പേരുകളുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം.

മുസ്തഫിസുർ റഹ്മാൻ

ഇന്ത്യൻ ദേശീയ ടീമിനെതിരെ തുടർച്ചയായ അഞ്ചു വിക്കെറ്റ് പ്രകടനങ്ങളുമായാണ് മുസ്തഫിസുർ റഹ്മാൻ എന്ന ബംഗ്ലാദേശ് പേസ് ബൗളർ ശ്രദ്ധ പിടിച്ചുപറ്റിയത്. തുടർന്നു സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കുവേണ്ടി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള മുസ്തഫിസുറിനുവേണ്ടി പക്ഷേ ഈ സീസണിൽ ആരും പണമിറക്കിയില്ല.

ഇവിൻ ലൂയിസ്

വിൻഡീസിന്റെ വെടിക്കെട്ട് ഓപ്പണർ ഇവിൻ ലൂയിസിനുവേണ്ടി ഒരു ടീമും ശ്രമിക്കാതിരുന്നത് അദ്‌ഭുതമായി. ഇന്ത്യക്കെതിരെ ഈ മാസം നടന്ന് ടി ട്വൻറി സീരീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ലൂയിസിനുവേണ്ടി പക്ഷേ ആരും രംഗത്തെത്തിയില്ല. കഴിഞ്ഞ മാസമാണ് ലൂയിസിനെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തത്.

മുഷ്‌ഫികുർ റഹീം :

ബംഗ്ലാദേശ് ടീമിന്റെ നട്ടെല്ലായിട്ടുകൂടി ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുഖം കാണിക്കാൻ ഈ വിക്കറ്റ് കീപ്പർ ബാറ്സ്മാനു സാധിച്ചിട്ടില്ല. ഇത്തവണയും ഐ. പി. എൽ ടീമുകൾ മുഷ്ഫികുറിനെ തഴയുകയായിരുന്നു.

യൂസഫ് പത്താൻ

മുൻ ഇന്ത്യൻ ബാറ്സ്മാനായ യൂസഫ് പത്താന് വേണ്ടിയും ഒരു ടീമും രംഗത്തു വന്നില്ല. കഴിഞ്ഞ വർഷം സൺറൈസേഴ്സിന് വേണ്ടി കളിച്ചിരുന്നുവെങ്കിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ മുൻ ഐ.പി. എൽ ഹീറോയ്ക്ക് സാധിച്ചിരുന്നില്ല. പ്രായവും പത്താന് വിനയായി എന്നു പറയാതെ തരമില്ല.

ഷൈ ഹോപ്പ്

തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഷൈ ഹോപിനെ ടീമിലെത്തിക്കാൻ ഒരു ഐ. പി. എൽ ഫ്രാഞ്ചെസിയും തയ്യാറാകാതിരുന്നത് ഒരുപക്ഷേ ചിലരെയെങ്കിലും അതിശയിപ്പിച്ചിരിക്കണം. മികച്ച സ്‌കോറുകൾ കണ്ടെത്തുമെങ്കിലും ഇന്നിങ്സിന്റെ തുടക്കത്തിൽ കൂടുതൽ പന്തുകൾ നേരിടുന്നതാകാം ഹോപ്പിനു വിനയായത്.

മുൻപു ഐ. പി. എല്ലിൽ പരീക്ഷിക്കപ്പെട്ട ഒരു പിടി മികച്ച താരങ്ങൾക്കും ഇക്കുറി ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഇന്ത്യൻ താരങ്ങളായ പൂജാര, ഹനുമ വിഹരി, നമൻ ഓജ, സ്റ്റുവർട് ബിന്നി. എന്നിവരും കോളിൻ മൺറോ, കാർലോസ് ബ്രാത്വറ്റെ, ടിം സൗത്തീ, മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ ഡി ഗ്രാൻഡ്ഹോം, ബെൻ കട്ടിങ്, അലക്സ്‌ ഹേൽസ്, ഇഷ് സോധി തുടങ്ങി കുട്ടി ക്രിക്കറ്റിൽ കഴിവുതെളിയിച്ച മികച്ച വിദേശ താരങ്ങളും ഇക്കുറി ടീമുകളിൽ ഇടം നേടിയില്ല. ടൂർണമെന്റിനിടയിൽ പരിക്കു പറ്റുന്ന കളിക്കാർക്കു പകരക്കാരായി ടീമുകൾ തങ്ങളെത്തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇവരിൽ പലരും.

Leave a comment