ആർസെനലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആര്സെനലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എമിരേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയ കെവിൻ ഡി ബ്രൂയനാണ് സിറ്റിയുടെ വിജയശില്പി.
തീപാറുമെന്ന് കരുതിയ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോൾ അടിച്ചു കൂട്ടി സിറ്റി മത്സരത്തെ അപ്രസക്‌തമാക്കി. കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഉജ്ജ്വലമായൊരു ഷോട്ടിലൂടെ ഡി ബ്രൂയ്ൻ സിറ്റിയുടെ അക്കൗണ്ട് തുറന്നു.അധികം വൈകാതെ 15ആം മിനുട്ടിൽ ഡി ബ്രൂയ്ൻ നൽകിയ പാസ്സ് സ്വീകരിച്ചു സ്റ്റെർലിങ് അനായാസം പന്ത് വലയിലെത്തിച്ചു, ആദ്യ മിനിറ്റുകളിൽ പൊരുതിയ ആര്സെണലിൽ നിന്നും മത്സരം പൂർണമായും അകറ്റി. 40ആം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നു വീണ്ടുമൊരു ഉഗ്രൻ ഗോളിലൂടെ ഡി ബ്രൂയ്ൻ സിറ്റിയുടെ പട്ടിക പൂർത്തിയാക്കി.
രണ്ടാം പകുതിയിൽ സിറ്റിക്കു ഏതാനും ചില നല്ല അവസരങ്ങൾ ലഭിച്ചതൊഴിച്ചാൽ മുഴുവൻ സമയവും വിരസമായി കടന്നുപോയി. ആർസെനാൽ താരങ്ങൾ രണ്ടാം പകുതിയിലും പോരാട്ടം പുറത്തെടുക്കാതെ തല താഴ്ത്തുകയായിരുന്നു.






































