Editorial Foot Ball Top News

ക്ളോപ്പിന്റെ ലിവർപൂളിന് ആര് മണികെട്ടും

December 9, 2019

ക്ളോപ്പിന്റെ ലിവർപൂളിന് ആര് മണികെട്ടും

ഒരു അപരാജിത സീസണ് ലിവർപൂൾ തുടക്കം കുറിച്ചിരിക്കുവാണോ? വെങ്ങറുടെ ആഴ്‌സണൽ 2004 ൽ കൈവരിച്ച അപരാജിതർ എന്ന പട്ടം ക്ളോപ്പിന്റെ ലിവർപൂളിന് കൈവരിക്കാനാകുമോ? ലിവർപൂളിന്റെ ഈ സീസണിലെ മികവ് കണ്ടാൽ ഈ ചോദ്യങ്ങൾ ആരും ചോദിച്ചു പോകും.

പ്രീമിയർ ലീഗിൽ 16 മത്സരങ്ങൾ പിന്നിട്ടപ്പോൾ 15 വിജയവും ഒരു സമനിലയുമായി ലിവർപൂൾ 46 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ലെസ്റ്റർ സിറ്റിയേക്കാൾ 11 പോയിന്റ് വിത്യാസം. ലീഗ് അവർ കൊണ്ട് പോകുന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. ഇനി ആർക്കേലും അവരെ തോൽപ്പിക്കാൻ പറ്റുമോ എന്ന് മാത്രമേ നോക്കി കാണേണ്ടി ഇരിക്കുന്നുള്ളു.

പ്രധാന കളിക്കാരെ മാറ്റി നിറുത്തി കളിച്ചാലും വിജയം കൈവിടാത്തതാണ് അവരുടെ ശക്തി. ഒറിഗി, കീറ്റ, ഷെമ്പർലിൻ, ലോവരെൻ, ഗോമസ്, ഷാക്കിറി, എന്നീ കളിക്കാരെ മാറ്റി മാറ്റി കളിപ്പിച്ചിട്ടും ഫലം ഒന്ന് തന്നെ. പ്രധാന കളിക്കാരായ മാനേ, സലാഹ്, ഫിർമിഞ്ഞോ, വാൻ ഡൈക്, ഫാബിഞ്ഞോ, അർണോൾഡ് എന്നിവർ പരിക്കിന്റെ പിടിയിൽ അകപ്പെടാത്തതു പരീക്ഷണങ്ങൾ നടത്താൻ ക്ളോപ്പിനു പ്രചോദനവും നൽകുന്നു.

ലിവർപൂളിനെ ഈ സീസണിൽ പരാജയപ്പെടുത്തിയ ഏക ടീം ഇറ്റാലിയൻ ക്ലബ്‌ ആയ നാപോളി ആണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അവർ ഇംഗ്ലീഷ് വമ്പന്മാരെ മുട്ട് കുത്തിച്ചത്. ആയതിനാൽ അവരുടെ ഈ കുതിപ്പിന് തടയിടാനാകും എന്ന് വിശ്വസിക്കാമെങ്കിലും നാപോളി പ്രകടിപ്പിച്ച ധീരത ഇപ്പോ ബാക്കി ഇംഗ്ലീഷ് ടീമുകൾ ഒന്നും തന്നെയും പ്രകടിപ്പിക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. അതിന്റെ കൂടെ ക്ളോപ്പിന്റെ ചാണക്യ തന്ത്രങ്ങൾ കൂടെ ആകുമ്പോൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും.

ലിവർപൂൾ എത്തിഹാദ് സ്റ്റേഡിയത്തിൽ കളിക്കാൻ ഇരിക്കുന്നതെ ഉള്ളു. മൊറീഞ്ഞോ വന്നതോട് കൂടെ ടോട്ടൻഹാമും കടുത്ത എതിരാളികൾ തന്നെ. സോൾഷെർ യുണൈറ്റഡിനെ മികച്ച ഒരു ടീമാക്കി കൊണ്ട് ഇരിക്കുന്നു. അവസാനമായി ബ്രെൻഡൻ റോജർസ് നയിക്കുന്ന ലെസ്റ്ററും ലിവർപൂളിനെ വേണമെങ്കിൽ മലർത്തി അടിച്ചേക്കാം. പക്ഷെ ലിവർപൂളിന്റെ ഇപ്പോളത്തെ മികവ് ആ സാധ്യതകളെ എല്ലാം അലിയിപ്പിച്ചു കളയുന്നു. 2004 ലിവർപൂൾ ആവർത്തിച്ചാൽ അതിശയപ്പെടാൻ ഇല്ല.

Leave a comment