Editorial Foot Ball Top News

സമ്മർദ്ദം താങ്ങാനാകാത്ത ബ്ലാസ്റ്റേഴ്‌സ്

December 2, 2019

author:

സമ്മർദ്ദം താങ്ങാനാകാത്ത ബ്ലാസ്റ്റേഴ്‌സ്

പരിശീലകർ മാറി വരുന്നുവെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ശീലം മറക്കുന്നില്ല. ഒരു ഗോൾ ലീഡ് നേടുക, ഒടുവിൽ അവസാന നിമിഷങ്ങളിൽ സമ്മർദ്ദത്തിൽ അടിപ്പെട്ടു ഗോളുകൾ വഴങ്ങി മത്സരത്തിലെ മേൽക്കോയ്മ നഷ്ടപ്പെടുത്തുക. ആദ്യ സീസൺ മുതലേ ബ്ലാസ്‌റ്റേഴ്‌സിനെ വേട്ടയാടുന്ന ലാസ്റ്റ് മിനുട്ട് ഡിഫൻസീവ് കലാമിറ്റി സിൻഡ്രോം വീണ്ടും വിനയായപ്പോൾ അവർക്കു നഷ്ടമായത് ഉറച്ച രണ്ടു പോയന്റുകളാണ്.

ഇന്നലെ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് vs എഫ്. സി ഗോവ മത്സരത്തിൽ സംഭവിച്ചതും ഇതുതന്നെയായിരുന്നു. സിഞ്ചോഡേയുടെ ഗോളിൽ ആദ്യ നിമിഷങ്ങളിൽ തന്നെ മുന്നിലെത്തിയ കേരളത്തിനെതിരെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ സെനഗൽ താരം മാർടൗഡാ ഫാളിലൂടെ ഗോവ സമനില ഗോൾ കണ്ടെത്തി. പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാർടൗഡാ ഫാൾ ചുവപ്പുകാർഡ് കണ്ടു പുറത്തായത് ഗോവയെ പ്രതിരോധത്തിലാക്കി. പത്തുപേരായി ചുരുങ്ങിയ ഗോവ പിന്നീട് ഒരു സമനില പോലും മികച്ച റിസൾട് ആകുമെന്ന രീതിയിലാണ് കളിച്ചത്.

പക്ഷേ പത്തുപേരായി ചുരുങ്ങിയ ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ചുരുങ്ങിയ സമയത്തിൽ തന്നെ അതിനുള്ള ഫലവും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. കളിയുടെ അൻപത്തിയൊമ്പതാം മിനുട്ടിൽ പ്രശാന്തിന്റെ പാസിൽ നിന്നും ഗോൾ നേടിയ മെസ്സിബൗളിയാണ് കേരളത്തെ മുന്നിലെത്തിച്ചത്. പിന്നീടും കേരളം മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ മൂലം ഗോൾ വന്നില്ല. മെസ്സിബൗളി വീണ്ടുമൊരിക്കൽ കൂടി ഗോവൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.

അവസാന നിമിഷങ്ങളിൽ സമനില ഗോൾ നേടാനുള്ള ഗോവയുടെ സമ്മർദ്ദതന്ത്രം കേരളത്തിന്റെ പ്രതിരോധനിരയുടെ താളം തെറ്റിച്ചു. ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശരിയായി ക്ലിയർ ചെയ്യാതിരുന്ന പന്തിൽ നിന്നും മൻവീർ സിംഗ് തൊടുത്ത തകർപ്പൻ ഷോട്ട് കേരള ഗോൾകീപ്പർ ടി. പി രഹനേഷ് തടുത്തെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ലെനി റോഡ്രിഗസ് ഗോളാക്കി മാറ്റുകയായിരുന്നു.

വിജയമുറപ്പിച്ച നിലയിൽ നിന്നും വഴങ്ങിയ സമനില കേരളത്തിനു നിരാശാജനകമായ ഫലമാണെന്നതിൽ യാതൊരു സംശയവുമില്ല. മത്സരശേഷം രോഷാകുലനായി മൈതാനം വിട്ട പരിശീലകൻ എൽകോ ഷറ്റൊരിയുടെ മുഖത്തും ആ നിരാശ പ്രകടമായിരുന്നു. പത്തു പേരായി ചുരുങ്ങിയ എവേ മത്സരത്തിൽ അവസാന നിമിഷം നേടിയ സമനിലഗോൾ നൽകിയ ഒരു പോയന്റിൽ ഗോവൻ പരിശീലകൻ തൃപ്തനായിരിക്കാം.
പക്ഷേ കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്നും ലഭിച്ച മൂന്നു ചുവപ്പുകാർഡുകൾ ഗോവൻ ടീമിന്റെ താളം തെറ്റിക്കുന്നുണ്ട്. പരിക്കു മൂലം മാറി നിൽക്കുന്ന സൂപ്പർ താരം കൊറോയ്‌ക്കൊപ്പം ആദ്യ ഇലവനിലെ സ്ഥിരം താരങ്ങൾ സസ്‌പെൻഷനിൽ ആകുന്നത് ലീഗിൽ തുടർന്നുള്ള മത്സരങ്ങളിൽ അവർക്കു വിനയാകാനും സാധ്യതയുണ്ട്.

Leave a comment