യൂറോ 2020 ക്വാളിഫയർ : ബെലാറസിനെ തകർത്ത് ജർമ്മനി
ബെലാറസിനെ തകർത്ത് ജർമ്മനി യൂറോ 2020നു യോഗ്യത നേടി. ജർമനിയിലെ ബൊറൂസിയ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ജർമൻ പടയുടെ വിജയം. ടോണി ക്രൂസിന്റെ ഇരട്ട ഗോളുകളും ഗോളി മാന്യുൽ ന്യുയറുടെ തകർപ്പൻ സേവുകളുമായിരുന്നു മത്സരത്തിന്റെ സവിശേഷത.
മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ജർമനിക്കു തന്നെയായിരുന്നു മുൻതൂക്കം. ആദ്യ പകുതിയിൽ ബെലാറസ് ബോക്സിലേക്ക് നിരന്തരം ഇരച്ചു കയറിയ ടീമിന് പക്ഷെ ബെലാറസിന്റെ പ്രതിരോധക്കോട്ട തകർക്കാൻ നന്നേ പാടുപെട്ടു. ഇതിനിടയിൽ 37ആം മിനുട്ടിൽ അപ്രതീക്ഷിതമായി വന്ന ബെലാറസിന്റെ ഗോളെന്നുറച്ച ഷോട്ട് ജർമൻ ഗോളി ന്യൂയർ അത്ഭുതകരമായി തടഞ്ഞത് ജർമനിയെ ഉണർത്തി. 41ആം മിനിറ്റിൽ ഒരു കൌണ്ടർ അറ്റാക്കിൽ നിന്നും ഗിനബ്റിയുടെ പാസ്സ് ഫ്ലിക് ചെയ്തു വലയിലെത്തിച്ചു മത്തിയാസ് ജിന്റർ ജർമനിയുടെ ആദ്യ ഗോൾ നേടി. ഗോൾ വീണതോടെ ബെലാറസ് പ്രതിരോധം ആടിയുലഞ്ഞു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങി ബെലാറസ് മത്സരം കൈവിട്ടു. 49ആം മിനുട്ടിൽ ഒരു സെറ്റ്പീസിൽ നിന്നും ഗ്രോയ്റ്റ്സ്കേ ജർമനിയുടെ ലീഡുയർത്തി. 55ആം മിനുട്ടിൽ മനോഹരമായ ഒരു ഷോട്ടിലൂടെ ടോണി ക്രൂസ് ജർമനിയുടെ മൂന്നാം ഗോൾ നേടി. തോൽവി ഉറച്ചതോടെ ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ ബെലാറസ് ആഞ്ഞു ശ്രമിച്ചു.74ആം മിനുട്ടിൽ ബോക്സിനുള്ളിൽ നികായിച്ചക്കിനെ വീഴ്ത്തിയതിന് ബെലാറസിന് പെനാൽറ്റി ലഭിച്ചു. എന്നാൽ സ്റ്റേസേവിച്ചിന്റെ ഷോട്ട് തടുത്തു ന്യുയർ തന്റെ മിന്നും പ്രകടനം പുറത്തെടുത്തു. 83ആം മിനുട്ടിൽ തന്റെ രണ്ടാം ഗോളിലൂടെ ക്രൂസ് ജർമനിയുടെ പട്ടിക പൂർത്തിയാക്കി.






































