Cricket Editorial Top News

പ്രതീക്ഷ നൽകുന്നു മായങ്ക്

November 16, 2019

author:

പ്രതീക്ഷ നൽകുന്നു മായങ്ക്

മായങ്ക് അഗർവാൾ….

സൂപ്പർ താരങ്ങൾ അരങ്ങുവാഴുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തേക്ക് അയാൾ കടന്നുവന്നത് വളരെ വൈകിയാണ്. പക്ഷേ ശരവേഗത്തിൽ അയാൾ ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു.

മായങ്ക് അഗർവാൾ എന്ന കർണാടകക്കാരൻ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ സജീവസാന്നിധ്യമായി വളരെയധികം നാളുകൾ പിന്നിട്ടുവെങ്കിലും ഇന്ത്യൻ ദേശീയ ടീമിൽ അയാൾ ഇടം നേടി ഒരു വർഷം പോലും പിന്നിട്ടിട്ടില്ല. പക്ഷേ ഇതിനിടെ അയാൾ ഒരുപാടു ദൂരം മുന്നേറിയിരിക്കുന്നു. വെറും പന്ത്രണ്ടു ഇന്നിങ്സിനിടെ മൂന്നു സെഞ്ചുറികൾ. താൻ നേടിയ സെഞ്ചുറികളിൽ രണ്ടെണ്ണവും ഇരട്ടസെഞ്ചുറികളായി മാറ്റുവാൻ അയാൾക്കു സാധിച്ചു. നീണ്ട ഇന്നിങ്‌സുകൾ കളിക്കാൻ തനിക്കു കഴിവുണ്ടെന്ന് അയാൾ ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.

2010ൽ നടന്ന അണ്ടർ 19 ലോകകപ്പിലൂടെയാണ് മായങ്ക് ഇന്ത്യൻ ക്രിക്കറ്റിൽ ആദ്യമായി സംസാരവിഷയം ആകുന്നത്. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റൺ സ്‌കോററായ മായങ്ക് പിന്നീട് കർണാടകത്തിനായി രഞ്ജി ട്രോഫിയിലും അരങ്ങേറി. 2017-18 സീസണിൽ മഹാരാഷ്ട്രയ്ക്കെതിരെ നേടിയ ട്രിപ്പിൾ സെഞ്ചുറിയടക്കം 1160 റണ്ണുകൾ നേടി രഞ്ജി ട്രോഫി ടോപ് സ്കോററായ മായങ്ക് ആ വർഷത്തെ വിജയ് ഹസാരെ ട്രോഫിയിലും ഏറ്റവും കൂടുതൽ റണ്ണുകൾ നേടുന്ന താരമായി.

മായങ്ക് മികച്ച പ്രകടനം തുടരുമ്പോൾ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു. മോശം പ്രകടനങ്ങൾ ശിഖർ ധവാന്റെ തലയ്ക്കുമേൽ പുറത്താക്കലിന്റെ വാളായി തൂങ്ങുവാൻ തുടങ്ങി. മറ്റൊരു ഓപ്പണറും സ്വന്തം നാട്ടുകാരനുമായ കെ. എൽ രാഹുലും തനിക്കു ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ കഴിയാതെ വലയുന്നു. ഓപണിംഗിൽ പുതിയ മുഖങ്ങൾ പരീക്ഷിക്കുവാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് നിര്ബന്ധിതരായപ്പോഴാണ് മായങ്ക് അവരുടെ റഡാറിലേക്കെത്തുന്നത്.

വിന്ഡീസിനെതിരായ ടെസ്റ്റ്‌ സീരീസിൽ ആദ്യ ഇലവനിൽ ഇടം നേടാനായില്ലെങ്കിലും ഇന്ത്യൻ ടീമിന്റെ ഓസീസ് പര്യടനത്തിൽ മായങ്ക് തന്റെ ടെസ്റ്റ്‌ അരങ്ങേറ്റം കുറിച്ചു. ആദ്യ ഇന്നിങ്സിൽതന്നെ അർദ്ധസെഞ്ചുറി നേടിയ മായങ്ക് ടീമിന്റെ ഓപ്പണിങ് പ്രശ്നങ്ങൾക്ക് വിരാമമിട്ടു. കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ തന്റെ ആദ്യ സെഞ്ചുറി തന്നെ ഇരട്ടശതകമായി മാറ്റിയ മായങ്ക് നീണ്ട ഇന്നിങ്‌സുകൾ കളിക്കാനുള്ള കഴിവ് വ്യക്തമാക്കുകയായിരുന്നു. അതേ സീരീസിൽ മറ്റൊരു സെഞ്ചുറിയും ഇപ്പോൾ ബിസ്നഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽതന്നെ മറ്റൊരു ഇരട്ടസെഞ്ചുറിയും നേടി മായങ്ക് ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ ടീമിൽ മായങ്കിന്റെ മധുവിധു കാലമാണിത്. ഇനിയും ഒരുപാടു പരീക്ഷണങ്ങൾ അയാൾക്കു നേരിടേണ്ടി വരും. എങ്കിലും ഈ ചെറുപ്പക്കാരൻ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം ഒരു രാജ്യത്തിനുതന്നെ പ്രതീക്ഷയാകുന്നു.

Leave a comment