Foot Ball Top News

ആൻഫീൽഡിൽ ഗോൾമഴ, ഷൂട്ടൗട്ടിൽ ലിവർപൂൾ ക്വാര്‍ട്ടറില്‍

October 31, 2019

author:

ആൻഫീൽഡിൽ ഗോൾമഴ, ഷൂട്ടൗട്ടിൽ ലിവർപൂൾ ക്വാര്‍ട്ടറില്‍

അത്യന്തം ആവേശകരമായ കരബാവോ കപ്പ്‌ നാലാം റൗണ്ട് പോരാട്ടത്തിൽ ആർസെനലിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ലിവർപൂൾ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു(5-4). ഇരു ടീമുകളും പ്രതിരോധിക്കാൻ മറന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും 5-5 എന്ന സ്കോറിന് സമനിലയിൽ നിന്നപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. സ്പോട്ട് കിക്കിൽ ആര്സെനലിന്റെ സെബാലോസിന്റെ ഷോട്ട് തടഞ്ഞു ലിവർപൂൾ ഗോൾകീപ്പർ മത്സരം ലിവർപൂളിനനുകൂലമാക്കി.

പ്രമുഖ താരങ്ങൾക്ക് ഇരു ടീമുകളും വിശ്രമം നൽകി യുവനിരയെ ഇറക്കിയപ്പോൾ മത്സരം ആദ്യ നിമിഷം മുതൽ തന്നെ ആവേശകരമായി. 6ആം മിനുട്ടിൽ ലിവർപൂൾ മുസ്താഫിയുടെ സെൽഫ് ഗോളിലൂടെ ലീഡ് നേടി. എന്നാൽ തിരിച്ചടിച്ച ആർസെനാൽ 19ആം മിനുട്ടിൽ ടോറെറയിലൂടെ സമനില നേടി . 26,36 മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലൂടെ ഗബ്രിയേൽ മാർട്ടിനെല്ലി മത്സരം ആര്സെനലിന്റെ വരുതിയിലാക്കി എന്ന് തോന്നിച്ചെങ്കിലും ഇടവേളയ്ക്കു തൊട്ട് മുൻപ് 43-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചു മിൽനെർ ലിവര്പൂളിനെ തിരികെ കൊണ്ടുവന്നു.

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആർസെനാൽ വീണ്ടും ലീഡുയർത്തി. ഇത്തവണ ലിവർപൂൾ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു മൈട്ലൻഡ് നെയ്ൽസ് ആണ് ഗോൾ നേടിയത്. എന്നാൽ വെറും 3മിനുട്ടിനുള്ളിൽ ഉജ്ജ്വലമായ ഒരു ഗോളിലൂടെ ചേമ്പർലെൻ ലിവർപൂളിന്റെ മൂന്നാം ഗോൾ നേടിയപ്പോൾ, അധികം വൈകാതെ 61ആം മിനുട്ടിൽ ഒറിജിയിലൂടെ ലിവർപൂൾ ഒപ്പമെത്തി(4-4). 70ആം മിനുട്ടിൽ ജോ വില്ലോക് ഒരു ലോങ്ങ്‌ റേഞ്ചറിലൂടെ ആര്സെനലിന്റെ അഞ്ചാം ഗോൾ നേടി. മത്സരം ആർസെനലിനു അനുകൂലമായി അവസാനിക്കും എന്നിരിക്കെ അധിക സമയത്തിന്റെ നാലാം മിനുട്ടിൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്കെതിരെയുള്ള പ്രകടനം അനുസ്മരിപ്പിക്കുന്ന വിധം ഒറിജി തന്റെ രണ്ടാം ഗോളിലൂടെ ലിവര്പൂളിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചു.

Leave a comment