Editorial Foot Ball Top News

കൊച്ചിയിൽ കളി തുടരട്ടെ ബ്ലാസ്റ്റേഴ്‌സ്

October 29, 2019

author:

കൊച്ചിയിൽ കളി തുടരട്ടെ ബ്ലാസ്റ്റേഴ്‌സ്

കൂടുമാറുമോ കേരള ബ്ലാസ്റ്റേഴ്‌സ്?…

കേരളത്തിലെ കാൽപന്തുകളിയെ സ്നേഹിക്കുന്ന ജനത ഇന്നൊരുപക്ഷേ ഏറ്റവുമധികം ചർച്ച ചെയ്തത് മേൽപറഞ്ഞ ചോദ്യമാകാം. കാരണം ഇന്നു രാവിലെ ദിനപത്രങ്ങളിൽക്കൂടി വന്ന് വാർത്ത അവരിൽ നിരാശ നിറച്ചിട്ടുണ്ടാകുമെന്ന് തീർച്ച. നഗരസഭയ്ക്കു നൽകേണ്ട ഭീമമായ തുകയും സ്റ്റേഡിയം വാടകയേ സംബന്ധിച്ച തർക്കവും ഒക്കെച്ചേർന്ന കേരളത്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിനെ മറ്റൊരു സ്ഥലത്തേക്കു പറിച്ചു നടാൻ ഉടമസ്ഥരെ നിർബന്ധിതരാകുന്നു എന്ന വാർത്ത ഒരുപക്ഷെ അവിശ്വസനീയതയോടെയാകാം അവർ സ്വീകരിച്ചത്.

ഇന്ത്യയിലെ തന്നെ ഏറ്റവും ഭ്രാന്തമായ ഫുട്ബോൾ ആവേശം കൊണ്ടുനടക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളത്. ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ ഉദയമായി സൂപ്പർ ലീഗ് നിലവിൽ വന്നപ്പോൾ തന്നെ അവരെ ആവേശം കൊള്ളിക്കുന്ന വാർത്തകളാണ് പുറത്തു വന്നതും. ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കൊച്ചി കേന്ദ്രമായ ഐ. എസ്. എൽ ഫ്രാഞ്ചസി സ്വന്തമാക്കിയിരിക്കുന്നു.

ആദ്യസീസണിൽ തന്നെ ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ സ്ഥാനം എന്താണെന്ന് മലയാളികൾ തെളിയിച്ചു. നിറഞ്ഞു കവിഞ്ഞ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മറ്റു ടീമുകൾക്കു മുന്നിൽ ഒരു അദ്‌ഭുതമായി. അവർ നൽകിയ ആവേശം നെഞ്ചേറ്റിത്തന്നെയാണ് ആദ്യസീസണിൽ തന്നെ നമ്മുടെ കൊമ്പന്മാർ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. സെമിയിൽ കൊച്ചിയിലെ സുശാന്ത് മാത്യുവിന്റെ ആ ഗോളും അതു ഗാലറിയിൽ തീർത്ത വിസ്ഫോടനവും ഒക്കെ എങ്ങനെ മറക്കാൻ സാധിക്കും.

പിന്നീടങ്ങോട്ട് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ വികാരമാവുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ടുതന്നെയാകാം പലപ്പോഴും ക്ലബ്ബിന്റെ മോശം പ്രകടനങ്ങൾ അവരെ അത്രമേൽ പ്രകോപിതരാക്കിയത്. രണ്ടാം സീസണിലെ സമ്പൂർണ പരാജയത്തെയും അടുത്ത സീസണിലെ ഫൈനൽ പ്രവേശനവുമെല്ലാം അവർ തീർത്തും വൈകാരികമായാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെയാണ് ഗാലറികൾ ഒഴിച്ചും മറ്റും അവർ പ്രതിഷേധിച്ചത്. പക്ഷേ അപ്പോഴും അവർ ബ്ലാസ്‌റ്റേഴ്‌സിനെ മനസ്സിൽ നിന്നും പൂർണമായും ഇറക്കി വിട്ടിരുന്നില്ല. ഓരോ സീസൺ തുടക്കത്തിലും വീണ്ടും ഗാലറികൾ നിറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മനോഹരമായ കാഴ്ചയായി മാറി മഞ്ഞയിൽ കളിച്ചാടുന്ന കൊച്ചിയിലെ ഗാലറികൾ.

തങ്ങളെ അത്രയധികം സ്നേഹിക്കുന്ന ഒരു ആരാധകക്കൂട്ടത്തെ വിട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നമ്മുടെ ഫുടബോളിൽ പുതിയതല്ല. രാഷ്ട്രീയമായ ഇടപെടലുകൾ പലപ്പോഴും കേരള ഫുടബോളിനെ പിന്നോട്ടടിച്ചിരുന്നു. ലോകമെമ്പാടും ഇന്നു ഫുട്ബോൾ ഒരു ബിസിനസ്സാണ്. കോടികൾ മുടക്കി ടീമിനെഒരുക്കുന്നവർ തീർച്ചയായും ലാഭം പ്രതീക്ഷിക്കും. നിയമപരമായ വരുമാനം നഗരസഭയ്ക്കും ലഭിക്കണം. പ്രശ്നങ്ങൾ പരിഹരിച്ചു മുന്നേറാൻ ടീമിനു സാധിക്കണമെന്നാകും ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെയും പ്രാർത്ഥന. കാരണം കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ അവരുടെ കൊമ്പന്മാർ തകർത്താടുന്നത് കാണാൻ ആണ് അവരോരോരുത്തരും ആഗ്രഹിക്കുന്നത്.

Leave a comment