Editorial Foot Ball Top News

വിരസമായ സമനിലയിൽ ബെംഗളൂരു ഗോവ പോരാട്ടം

October 28, 2019

author:

വിരസമായ സമനിലയിൽ ബെംഗളൂരു ഗോവ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇന്നു നടന്ന എഫ്. സി ഗോവ vs ബെംഗളൂരു എഫ്. സി മത്സരം. മികച്ച ടീം ഓർഗനൈസിംഗും അറ്റാക്കിങ് ഗെയിമും പുറത്തെടുക്കുന്നതിൽ പേരു കേട്ട രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ തീ പാറുന്ന പോരാട്ടം പ്രതീക്ഷിച്ച കാണികൾ പക്ഷേ നിരാശരായെന്ന പറയുന്നതാകും സത്യം.

തുടക്കം മുതൽക്കേ തന്നെ അധികം റിസ്ക് എടുക്കാതെ കളിക്കുക എന്നതായിരുന്നു ഇരു ടീമുകളുടെയും നയം. സെമിലെൻ ദങ്കലിന്റെയും കോറോയുടെയും ചില നീക്കങ്ങളിലൂടെ ഗോവ ആക്രമണങ്ങൾ മെനഞ്ഞെടുത്തെങ്കിലും ബെംഗളൂരു പ്രതിരോധം മികച്ചു നിന്നു. കളിയിൽ ആദ്യത്തെ മികച്ച അവസരം ലഭിച്ചതും ദങ്കലിനായിരുന്നു. പക്ഷേ ആക്രമണം മുൻകൂട്ടി കണ്ട ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സന്ധു മുന്നോട്ടു വന്ന അപകടം ഒഴിവാക്കി.

ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നിറഞ്ഞ ഗാലറികൾ ഓരോ എഫ്.സി ഗോവ മുന്നേറ്റത്തെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. പക്ഷെ അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ഗോവൻ മുന്നേറ്റനിരയ്ക്കായില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ മന്ദർ റാവുവും മികച്ച ഒരവസരം തുറന്നെടുത്തെങ്കിലും ബെംഗളൂരു വല ചലിപ്പിക്കാൻ സാധിച്ചില്ല.

മറുവശത്തു ബെംഗളൂരുവും ചില അവസരങ്ങൾ തുറന്നെടുത്തു. മലയാളി താരം ആഷിക് കുരുണിയന്റെ മികച്ച നീക്കങ്ങൾ കളിയ്ക്കു ജീവൻ നൽകുമെന്ന് തോന്നിച്ചു. പക്ഷേ ഫൈനൽ തേർഡിൽ ബെംഗളൂരു തീർത്തും തണുത്ത രീതിയിലാണ് ആദ്യപകുതിയിൽ കളിച്ചത്. എങ്കിലും ഹാഫ് വിസിലിനു തൊട്ടു മുന്നേ ഡെലഗേഡോ ഒരു മികച്ച കർലിംഗ് ഷോട്ട് തൊടുത്തെങ്കിലും ഗോൾലൈനിന് അരികിൽവച്ചു ദൻഗാൽ ഗോവയുടെ രക്ഷക്കെത്തി.

ആദ്യപകുതിയിൽ നിറം മങ്ങിയ ഉദാന്ത സിങ് ആണ് രണ്ടാം പകുതിയിൽ താരമായത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഉദാന്ത തൊടുത്ത ഷോട്ട് ഗോവ ഗോൾകീപ്പർ കുത്തിയകറ്റിയെങ്കിലും കളിയുടെ അറുപത്തിരണ്ടാം മിനുറ്റിൽ ഉദാന്ത ലക്ഷ്യം കണ്ടു. മൈക്കൽ ഒൻവുവിന്റെ പാസ് സ്വീകരിച്ച ഉദാന്ത ഗോവ ഗോൾ കീപ്പർ നവാസിനെ മറികടന്നു പന്തിനെ വലയിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ഛേത്രിയോടൊപ്പം ബെംഗളൂരു മുന്നേറ്റനിരയിൽ കളിച്ച മിക്കുവിന്റെ അഭാവം ടീമിനെ നന്നായി ബാധിച്ചുവെന്നു പറയാം. ഒരു ഗോൾ ലീഡിൽ കടിച്ചുതൂങ്ങി മത്സരം അവസാനിപ്പിക്കാനുള്ള ബെംഗളുരുവിന്റെ മോഹങ്ങൾക്കു തിരിച്ചടിയായാണ് പെനാൽറ്റി ബോക്സിൽ കോറോയെ ആഷിക് കുരുണിയൻ വീഴ്ത്തിയതിന് ഗോവയ്ക്കനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത കൊറോ അനായാസമായി പന്തു വലയിലെത്തിച്ചതോടെ മത്സരം സമനിലയിൽ കലാശിച്ചു.

ആവേശകരമായ ഒരു മത്സരം പ്രതീക്ഷിച്ച കാണികൾ നിരാശരായെങ്കിലും സമനിലയിലൂടെ ലഭിച്ച ഓരോ പോയൻറ് ഇരു ടീമുകൾക്കും ആശ്വാസമാകും. പക്ഷേ കിരീടപ്പോരാട്ടത്തിൽ സജീവമാകാൻ ഇരു ടീമുകളും ഇതിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു.

Leave a comment