ആഴ്സണലിന് വിജയം ; ലീഗിൽ മൂന്നാമത്
ന്യൂകാസിലിനു എതിരെ നടന്ന ലീഗ് പോരാട്ടത്തിൽ ആഴ്സണലിന് അനായാസ വിജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആഴ്‌സണൽ ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്. ആരോൺ റാംസെയ്, അലക്സാണ്ടർ ലകാസ്സറ്റ് എന്നിവരാണ് ആതിഥേയർക്കു വേണ്ടി വല ചലിപ്പിച്ചത്.
ആദ്യ പകുതിയിൽ 30 ആം മിനുട്ടിലായിരുന്നു അതി മനോഹരമായ ഗോളിലൂടെ റാംസെയ് ആഴ്‌സനലിനെ മുന്നിൽ എത്തിച്ചത്. റാംസെയ് തന്നെ തുടങ്ങി വെച്ച ആക്രമണത്തിൽ ലാകാസറ്റും പങ്കു ചേർന്നു. ലാക്ക കൊടുത്ത അതി സുന്ദരമായ പാസ് റാംസെയ് തന്റെ ദുർബലമായ ഇടത്തെ കാലുകൊണ്ട് പ്രധിരോധത്തെയും ഗോളിയെയും നിഷ്പ്രഭമാക്കി ഷോട്ട് പായിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ [83 മിനുട്ട്] ആഴ്സണലിന്റെ സ്‌ട്രൈക്കർമാരായ ഒബാമേയങ്ങും ലാക്കയും നടത്തിയ മുന്നേറ്റം ഗോളിൽ കലാശിക്കുകയും അവർ വിജയം ഉറപ്പിക്കുകയും ആയിരുന്നു. ഒബെയാങ് കൊടുത്ത പാസ് ലാക്ക ഗോളിയുടെ മുകളിലൂടെ ലോബ് ചെയ്തു ഗോൾ ആക്കുകയായിരുന്നു.
ഈ വിജയത്തോടെ ടോപ് ഫയർ മത്സരത്തിൽ ആഴ്സണലിന് മേൽകൈ നേടാനായി. ഇനി 7 കളികൾ മാത്രം അവശേഷിക്കെ അവർ 63 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 4 ആം സ്ഥാനത്തുള്ള ടോട്ടൻഹാമിനും 5 ആം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനും 61 പോയിന്റ് ആണ് ഉള്ളത്. ചെൽസി 60 പോയിന്റുമായി 6 ആം സ്ഥാനത്താണ് ഉള്ളത്. പോയിന്റ് വിത്യാസം കുറവാണെങ്കിലും ടോപ് സിക്സ് ടീമുകളെ ഇനി നേരിടേണ്ടി വരില്ല എന്നുള്ളത് ആഴ്‌സനലിനെ അനായാസം ടോപ് ഫയർ ഉറപ്പിക്കാൻ സഹായിക്കും എന്ന് വേണം കരുതാൻ.






































