മുഹമ്മദ് ഷമി, സാം കറൻ എന്നിവർ ഉൾപ്പെടുന്ന, ഐപിഎൽ ട്രേഡ് കരാറിനെക്കുറിച്ച് ആർആറും എൽഎസ്ജിയും ആലോചിക്കുന്നു.
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിൽ താരക്കൈമാറ്റ ചർച്ചകൾ പുരോഗമിക്കുന്നു. മുഹമ്മദ് ഷമിയെയും സാം കറനെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. നവംബർ ആറുമുതൽ ഇരു ടീമുകളും തമ്മിൽ ചർച്ചകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ലഖ്നൗവിൽ നിന്ന് രാജസ്ഥാനിലേക്ക് ഇടംകൈ സ്പിന്നർ എം. സിദ്ധാർഥും എത്താൻ സാധ്യതയുണ്ട്. 75 ലക്ഷം രൂപയ്ക്ക് ലഖ്നൗ സ്വന്തമാക്കിയ സിദ്ധാർഥ് ടീമിനായി ഒൻപത് മത്സരങ്ങൾ കളിക്കുകയും ഒൻപത് വിക്കറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൈമാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
സാം കറനെ ലഖ്നൗ ടീമിലെത്തിക്കാനും നീക്കമുണ്ട്. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് രാജസ്ഥാനിലെത്തിയ കറന് കഴിഞ്ഞ സീസണിൽ പരിക്ക് കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, ടി20 ക്രിക്കറ്റിലെ മികച്ച ഫോം താരത്തിന് അനുകൂല ഘടകമാണ്. ലഖ്നൗ ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡിക്ക് കറനുമായി നേരത്തെ പരിശീലക ബന്ധമുണ്ടെന്നതും കൈമാറ്റ താൽപര്യത്തിന് കാരണമായി പറയപ്പെടുന്നു. എന്നാൽ പുതിയ കരാറിൽ കൂടുതൽ പ്രതിഫലം വേണമെന്ന കറന്റെ ആവശ്യം ചർച്ചകൾക്ക് തടസ്സമാകുന്നുണ്ട്.
ഇതിനിടെ രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ സ്വന്തമാക്കാനും ലഖ്നൗവുമായി നേരത്തെ ചർച്ചകൾ നടന്നിരുന്നു. പകരമായി മുഹമ്മദ് ഷമിയെയും മൊഹ്സിൻ ഖാനെയും രാജസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരെയും ഒരുമിച്ച് വിട്ടുനൽകാൻ ലഖ്നൗ തയ്യാറായില്ലെന്നാണ് വിവരം. ജയ്സ്വാളിനായി മറ്റു ടീമുകളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ ഷമി, കറൻ, സിദ്ധാർഥ് എന്നിവരെ ഉൾപ്പെടുത്തിയുള്ള കൈമാറ്റ ചർച്ചകളിലും അന്തിമ ധാരണയായിട്ടില്ല. ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ താരങ്ങളുടെ ടീം മാറ്റം സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.






































