പാക്കിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു: ജോഫ്ര ആർച്ചറിനും ബട്ട്ലർക്കും വിശ്രമം
ലണ്ടൻ: പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് പേസർ ജോഫ്ര ആർച്ചറിനെ ഒഴിവാക്കി. ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് ജോസ് ബട്ലറും പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കും. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ബട്ലർക്ക് പരമ്പരയിൽ കളിക്കാനാവില്ലെന്ന് മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജേക്കബ് ബെത്തലും ടീമിലുണ്ടാകില്ലെങ്കിലും, പരിചയസമ്പന്നരായ ഓൾറൗണ്ടർ സാം കറനെയും ലെഗ് സ്പിന്നർ ആദിൽ റഷീദിനെയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മേസൺ ക്രെയിനിന് അന്താരാഷ്ട്ര ടീമിലേക്ക് വിളിയെത്തി.
ഒക്ടോബർ 18-ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾ മാറ്റുരയ്ക്കും. ടീമുകൾ ഡബിൾ റൗണ്ട്-റോബിൻ ഘട്ടത്തിൽ മത്സരിക്കുകയും, അതിൽ മികച്ച രണ്ട് ടീമുകൾ ഫൈനലിലേക്ക് മുന്നേറുകയും ചെയ്യും. റാവൽപിണ്ടിയിലും ലാഹോറിലുമായാണ് മത്സരങ്ങൾ നടക്കുക.
ഇംഗ്ലണ്ട് ഏകദിന ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ഗസ് അറ്റ്കിൻസൺ, സോണി ബേക്കർ, ടോം ബാന്റൺ, ജെയിംസ് കോൾസ്, ജോർദാൻ കോക്സ്, മേസൺ ക്രെയിൻ, ഹെൻറി ക്രോകോംബ്, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ആദിൽ റഷീദ്, ജോ റൂട്ട്, ജോഷ് ടോങ്.






































