ടീം തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനമാണ് കാഴ്ചവെച്ചു, ടൂർണമെന്റിലുടനീളമുള്ള പ്രകടനത്തിൽ തനിക്ക് സന്തോഷമുണ്ട് : ഏഷ്യ കപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ
ദുബായ്: ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 2026 വനിതാ ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തന്റെ ടീമിനെ അഭിനന്ദിച്ചു. ടീം തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനമാണ് കാഴ്ചവെച്ചതെന്നും ടൂർണമെന്റിലുടനീളം താരങ്ങളുടെ പ്രകടനത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും കൗർ പറഞ്ഞു. ഓപ്പണർമാരുടെ മികച്ച തുടക്കത്തിന്റെ പിൻബലത്തിൽ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി.
ഷഫാലി വർമ്മയും സ്മൃതി മന്ദാനയും ചേർന്ന് റെക്കോർഡ് ആയ 129 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി; വനിതാ ടി20 ഏഷ്യ കപ്പിലെ ഏത് വിക്കറ്റിനും വേണ്ടിയുള്ള ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 39 പന്തിൽ നിന്ന് 68 റൺസ് നേടിയ ഷഫാലി, വെറും 24 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച് ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി എന്ന നേട്ടവും സ്വന്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും ഉത്തരവാദിത്തം ഏറ്റെടുത്ത ഷഫാലിയെ കൗർ പ്രത്യേകം അഭിനന്ദിച്ചു.
തുടർന്ന് ഇന്ത്യൻ ബൗളർമാർ ശ്രീലങ്കയെ നിയന്ത്രിച്ച് 72 റൺസിന്റെ വിജയം ഉറപ്പാക്കി. ശ്രീ ചരണി നാല് വിക്കറ്റും ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ എട്ടാമത്തെ വനിതാ ഏഷ്യ കപ്പ് കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ആരാധകരുടെ ശക്തമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞ കൗർ, വിജയം ആഘോഷിക്കുന്ന അവരെ കാണുന്നതിൽ ടീമിന് സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.






































