ഏഞ്ചൽ ഡി മരിയ ; ഫുട്ബോളിനെ പ്രണയിച്ച മാലാഖ
അര്ജന്റീനൻ ഫുട്ബോളിൽ ഒരിക്കലും ഇതിഹാസങ്ങൾക്കു പഞ്ഞമുണ്ടായിട്ടില്ല. മാരിയോ കെംപ്സ് മുതൽ മറഡോണയിലൂടെ, ബാറ്റിസ്റ്റൂട്ടയിലൂടെ, റിക്യുൽമിയിലൂടെ ഇന്നു ലയണൽ മെസ്സിയിലെത്തി നിൽക്കുന്ന താരബാഹുല്യം അവർക്കുണ്ട്. പക്ഷേ അവർക്കൊപ്പം തന്നെ എന്നുമൊരു രണ്ടാം നിരയുണ്ടായിരുന്നു ഡി സ്‌റ്റെഫാനോയെപ്പോലെ, സനേറ്റിയെപ്പോലെ, ഒർടേഗയെപ്പോലെ ചിലർ. പലപ്പോഴും അവർക്കിടയിലായിരുന്നു ഏഞ്ചൽ ഡി മരിയയുടെയും സ്ഥാനം.
എൺപതുകളുടെ അവസാനത്തിൽ ഒരു പ്രണയദിനത്തിൽ ജനിച്ച ഡി മരിയയുടെ ജീവിതത്തിനു പക്ഷേ പ്രണയത്തിന്റെ സുഗന്ധമില്ലായിരുന്നു. ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന തനിക്കായി അച്ഛൻ വാങ്ങിത്തന്ന ബൂട്ടിന് സഹോദരിമാരുടെ നഗ്നപാദങ്ങളുടെ വിലയുണ്ടെന്നു മനസ്സിലായ ബാല്യം അവനെ കൽക്കരിപ്പാടത്തെ തൊഴിലാളിയാക്കി. തകരഷീറ്റുകൾ മേഞ്ഞ വീട്ടിൽനിന്നും തന്റെ കുടുംബത്തെ രക്ഷിക്കുവാൻ തനിക്കു മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് അവനെ ഫുട്ബോളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചു.
പോർച്ചുഗൽ ക്ലബ്ബ് ബെനെഫിക്കയിലെത്തിയതാണ് ഡി മരിയയുടെ കരിയറിലെ പ്രധാന വഴിത്തിരിവ്.
അവിടത്തെ മികച്ച പ്രകടനങ്ങൾ “തന്റെ പിൻഗാമിയാകാൻ പോകുന്നവൻ ” എന്നു സാക്ഷാൽ മറഡോണയെകൊണ്ടുപോലും പറയിച്ചു. 2010 -11 സീസണിൽ വൻതുകയ്ക്ക ഡി മരിയയെ കൊത്തിയെടുക്കാൻ റയൽ മാഡ്രിഡിനെ പ്രേരിപ്പിച്ച ഘടകവും ഈ പ്രകടനങ്ങളായിരുന്നു. റയലിനുവേണ്ടി ആദ്യസീസണിൽ മികവു പ്രകടിപ്പിച്ച അയാൾക്കു കളിക്കളത്തിലെ അച്ചടക്കമില്ലായ്മ പിന്നീട് പലപ്പോഴും വിനയായെങ്കിലും റയൽ പരിശീലകൻ മൗറിഞ്ഞോ അയാളുടെ കഴിവുകളിൽ വിശ്വാസം പ്രകടിപ്പിച്ചു.
2013-14 സീസണിൽ പുതിയ റയൽ പരിശീലകൻ കാർലോസ് ആൻസലോട്ടി ഡി മരിയയെ വിങ്ങിൽ നിന്നും സെൻട്രൽ മിഡ് ഫീൽഡിലേക്കു മാറ്റി പരീക്ഷിച്ചത് അയാളുടെ റയൽ കരിയറിലെ ഒരു പ്രധാന നിമിഷമായിരുന്നു. സീസണിൽ പതിനേഴ് അസിസ്റ്റുകളുമായി മരിയ മികവു പ്രകടിപ്പിച്ചു. കോപ ഡെൽ റേ ഫൈനലിൽ ബാഴ്സലോണയ്‌ക്കെതിരെ നേടിയ ഗോളും യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ നേടിയ മാൻ ഓഫ് ദി മാച്ച് പ്രകടനവും ആ സീസൺ ഡി മരിയയുടെ റയൽ കരിയറിലെ ഏറ്റവും മികച്ച സീസണാക്കി മാറ്റി.
തൊട്ടടുത്ത സീസണിൽ റെക്കോർഡ് തുകയ്ക്ക് മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയ മരിയയ്ക്ക് പക്ഷേ പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചില്ല. അതിനാൽ തന്നെ തന്റെ ഒരു വർഷം നീണ്ട പ്രീമിയർ ലീഗ് വാസം അവസാനിപ്പിച്ച അയാൾ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ്റ് ജർമ്മനിലേക്കു ചേക്കേറി. ആദ്യ സീസണിൽ തന്നെ ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റ നേടിയ ഡി മരിയ വളരെവേഗം സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു. സൂപ്പർ താരങ്ങൾ തിങ്ങി നിറഞ്ഞ പാരീസ് നിരയിൽ തന്റേതായ ഒരു സ്ഥാനം അയാൾ കണ്ടെത്തി. ഗോളടിച്ചും അടിക്കാൻ സഹായിച്ചും അയാൾ മികച്ച ഒരു ടീം മാൻ ആവുകയായിരുന്നു. ഓൾഡ് ട്രാഫോഡിൽ അയാൾ നടത്തിയ ബിയർ ബോട്ടിൽ സെലിബ്രേഷൻ മാഞ്ചസ്റ്റർ ആരാധകർ അത്രവേഗം മറക്കാനിടയില്ല. ഈ ചാംപ്യൻസ് ലീഗിൽ വീണ്ടും മറ്റൊരു മുൻ ക്ലബ്ബ് ആയ റയലിനെതിരെ ഇരട്ടഗോളുകളുമായി അയാൾ തിരിച്ചു വന്നിരിക്കുന്നു.
എന്നും അർജന്റീനൻ പരിശീലകരുടെ ആദ്യ ഇലവനിൽ ഡി മരിയ സ്ഥാനം പിടിച്ചിരുന്നു. പക്ഷേ അതൊരിക്കലുമൊരു സൗജന്യമായിരുന്നില്ല. ഇക്കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെതിരെ നേടിയ ലോങ്ങ് റേഞ്ച് ഗോൾ മാത്രം മതി അയാളുടെ പ്രതിഭയളക്കാൻ. മികച്ച ഡ്രിബിളിംഗുകളുമായി വിങ്ങുകളിലൂടെ തന്റെ ജന്മദിനത്തെ ഓർമപെടുത്തുന്ന ലവ് സിംബൽ സെലിബ്രേഷനുമായി ആരാധകരുടെ പ്രിയപ്പെട്ട നൂഡിലിന് ഇനിയുമേറെദൂരം സഞ്ചരിക്കാൻ കഴിയട്ടെ.






































