ചരിത്ര നിമിഷത്തിലേക്ക് അടുത്ത് ലിവർപൂൾ : ഇന്ന് സമനില നേടിയാലും പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടാം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രാത്രി ആൻഫീൽഡിൽ ടോട്ടൻഹാമിനെ നേരിടാൻ ഒരുങ്ങുമ്പോൾ ലിവർപൂൾ ഒരു ചരിത്ര നിമിഷത്തിന്റെ വക്കിലാണ്. രാത്രി 9 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞാൽ ലിവർപൂളിന് കിരീടം ഉറപ്പിക്കാം. ഇതുവരെ 79 പോയിന്റുള്ള അവർക്ക് ചാമ്പ്യന്മാരായി കിരീടം നേടാൻ ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം കൂടി മതി.
ജർഗൻ ക്ലോപ്പിന് പകരക്കാരനായി വന്ന പുതിയ മാനേജർ ആർനെ സ്ലോട്ടിന്റെ നേതൃത്വത്തിൽ ലിവർപൂൾ ഈ സീസണിൽ മികച്ച ഫോം കാഴ്ചവച്ചു. അവരുടെ അടുത്ത എതിരാളികളായ ആഴ്സണൽ 67 പോയിന്റുമായി പിന്നിലാണ്, ഇത് ലിവർപൂളിന്റെ കിരീട വിജയം ഏതാണ്ട് ഉറപ്പിക്കുന്നു.
ഇന്ന് രാത്രി ടോട്ടൻഹാമിനെ ലിവർപൂൾ പരാജയപ്പെടുത്തിയാൽ അത് അവരുടെ 20-ാം ലീഗ് കിരീടമായി മാറും. ഈ വിജയം ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ എന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡിന് തുല്യമാകും.