Foot Ball ISL Top News

തുടർ തോൽവികൾ അവസാനിപ്പിക്കാനും പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ നിലനിർത്താനുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂർ എഫ്‌സിക്കെതിരെ

March 1, 2025

author:

തുടർ തോൽവികൾ അവസാനിപ്പിക്കാനും പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ നിലനിർത്താനുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂർ എഫ്‌സിക്കെതിരെ

 

തുടർ തോൽവികൾക്ക് അറുതിയിടാനും പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ നിലനിർത്താനുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. കൊച്ചിയിലെ ഹോം മൈതാനമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് ഒന്നിന് രാത്രി 7:30-ന് ജംഷഡ്പൂർ എഫ്‌സിക്കെതിരായാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മറുപടിയില്ലാത്ത ഒരു ഗോളിന് ഖാലിദ് ജാമിലിന്റെ ടീം ജയം കണ്ടെത്തിയിരുന്നു. പ്ലേ ഓഫിലേക്കുള്ള പാത മറ്റ് ടീമുകളുടെ ഫലങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നതിനാൽ, അനിവാര്യമായ ജയം ലക്ഷ്യമിട്ടാണ് യെല്ലോ ആർമി അടുത്ത മത്സരത്തിനിറങ്ങുന്നത്.

മോഹൻ ബഗാൻ ലീഗ് ജേതാക്കളായതോടെ സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നൽകുന്ന രണ്ടാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇന്ത്യൻ പരിശീലകന്റെ കീഴിൽ ജംഷഡ്പൂർ എഫ്‌സി ഇറങ്ങുന്നത്. മാറിനേഴ്‌സിനെതിരെയും എഫ്‌സി ഗോവക്കെതിരെയും തുടർ തോൽവികൾ വഴങ്ങിയതോടെ പ്ലേ ഓഫിലേക്കുള്ള പ്രതീക്ഷകൾ തുലാസിലായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക്, ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമായാൽ മാത്രമേ സാധ്യതകളുള്ളൂ.

21 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഏഴ് ജയവും മൂന്ന് സമനിലയും 11 തോൽവിയുമായി 24 പോയിന്റോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ ഒമ്പതാമതാണ്. അതെ എണ്ണം മത്സരങ്ങളിൽ നിന്നും 12 ജയവും ഒരു സമനിലയും എട്ട് സമനിലയും നേടി 37 പോയിന്റോടെ നാലാമതുള്ള ജംഷഡ്പൂർ എഫ്‌സി പ്ലേ ഓഫിലേക്കുള്ള യോഗ്യത നേരത്തെ ഉറപ്പിച്ചിട്ടുണ്ട്.

അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി പരുങ്ങലിലാണ്. പ്രത്യേകിച്ചും അവസാനത്തെ രണ്ട് മത്സരങ്ങളിലും ഗോളടിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ. നോവ സദൗയി പരിക്കിൽ നിന്നും മുക്തനാകാത്ത സാഹചര്യത്തിൽ ലഭ്യമായ താരങ്ങളെ മുൻനിർത്തി അടുത്ത മത്സരത്തിൽ ആക്രമണത്തിന് മൂർച്ച കൂട്ടേണ്ടത് ബ്ലാസ്റ്റേഴ്‌സ് നിരക്ക് അനിവാര്യമാണ്. കൊച്ചിയിൽ ഇതുവരെയും ജയം കണ്ടെത്തിയിട്ടില്ല എന്ന മോശം റെക്കോർഡിന് അന്ത്യമിടാനും ലീഗിൽ ആദ്യ രണ്ടിൽ സ്ഥാനം കണ്ടെത്താനും ലക്ഷ്യമിട്ട് ഇറങ്ങുന്ന ജംഷഡ്പൂർ അവസാന അഞ്ച് മത്സരങ്ങളിൽ ജയം നേടിയത് മൂന്നെണ്ണത്തിൽ.

 

 

Leave a comment