നേപ്പാളിനെ 21 റൺസിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് സൂപ്പർ എട്ടിലേക്ക്
തൻസിം ഹസൻ (4/7), മുസ്തഫിസുർ റഹ്മാൻ (3/7), ഷാക്കിബ് അൽ ഹസൻ (2/9) എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനത്തിൻ്റെ പിൻബലത്തിൽ, ബംഗ്ലാദേശ് നേപ്പാളിനെ 21 റൺസിന് പരാജയപ്പെടുത്തി. ഇതോടെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുന്ന എട്ടാമത്തെയും അവസാനത്തെയും ടീമായി ബംഗ്ലാദേശ് മാറി. ഗ്രൂപ്പ് 1-ൽ ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പമാണ് അവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യം ബൗൾ ചെയ്ത നേപ്പാൾ ബംഗ്ലാദേശിനെ 19.3 ഓവറിൽ 106 റൺസിൽ ഒതുക്കി. ടി20 ലോകകപ്പിൽ ഒരു അസോസിയേറ്റ് രാജ്യത്തിനെതിരെ ബംഗ്ലാദേശിൻ്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 17 റൺസ് നേടിയ ഷാക്കിബ് അൽ ഹസൻ ആണ് അവരുടെ ടോപ്സ്കോറർ. ബാറ്റിംഗ് സൈഡിൽ അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
നേപ്പാളിൻ്റെ സന്ദീപ് ലാമിച്ചനെ ടി20യിൽ 100 വിക്കറ്റ് തികച്ചു. നേപ്പാളിനായി സോംപാൽ കാമി (2/10), ദിപേന്ദ്ര സിംഗ് ഐറി (2/22), രോഹിത് പൗഡൽ (2/20), സന്ദീപ് ലാമിച്ചാനെ (2/17) എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് 19.2 ഓവറിൽ 85 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തിൽ അവർ 5 വിക്കറ്റിന് 26 എന്ന നിലയിൽ ഒതുങ്ങി, ആറാം വിക്കറ്റിൽ ദീപേന്ദ്ര സിംഗ് ഐറിയും (25) കുശാൽ മല്ലയും (27) ചേർന്ന് 57 റൺസിൻ്റെ ധീരമായ കൂട്ടുകെട്ട് ടീമിനെ സ്ഥിരപ്പെടുത്തി. എന്നാൽ മുന്നേറ്റം കൂടുതൽ തുടരാനും വിജയം സ്വന്തമാക്കാനും അവർക്ക് കഴിഞ്ഞില്ല.