ടി20 ലോകകപ്പ് : നാല് വിക്കറ്റുമായി അൽസാരി ജോസഫ്, ന്യൂസിലൻഡിനെ 13 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് സൂപ്പർ 8ലേക്ക്
വ്യാഴാഴ്ച ട്രിനിഡാഡിലെ തരൗബയിലുള്ള ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന 2024-ലെ ടി20 ലോകകപ്പിൻ്റെ 26-ാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ന്യൂസിലൻഡിനെ 13 റൺസിന് തോൽപ്പിച്ചു. മികച്ച ബൗളിംഗ് പുറത്തെടുത്ത വിൻഡീസ് 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ 20 ഓവറിൽ 136/9 എന്ന നിലയിൽ ഒതുക്കി. വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള മികച്ച തിരിച്ചുവരവ് ന്യൂസിലൻഡിനെ 13 റൺസിന് പരാജയപ്പെടുത്തി.
വിജയത്തിനായി 150 റൺസ് പിന്തുടർന്ന ന്യൂസിലൻഡിന് ഡെവൺ കോൺവെയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഫിൻ അലൻ ആവശ്യമായ നിരക്ക് നിലനിർത്തി. 11-ാം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ് ആതിഥേയർ ശക്തമായി തിരിച്ചെത്തിയത്. 33 പന്തിൽ 40 റൺസുമായി ഗ്ലെൻ ഫിലിപ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല.

സ്‌കോർ പ്രതിരോധിക്കുന്ന വെസ്റ്റ് ഇന്ത്യൻ ബൗളർമാർ സമ്മർദ്ദം ചെലുത്തി, ബ്ലാക്ക് ക്യാപ്‌സിനെ എളുപ്പത്തിൽ റൺസ് നേടാൻ ഒരിക്കലും അനുവദിച്ചില്ല. ഡെവൺ കോൺവെയുടെ ആദ്യ വിക്കറ്റ് അകേൽ ഹൊസൈൻ വീഴ്ത്തി, തുടർന്ന് അൽസാരി ജോസഫും ഗുഡകേഷ് മോട്ടിയും കളിയുടെ മധ്യ ഘട്ടങ്ങളിലൂടെ കിവീസ് ബാറ്റിംഗിനെ ഞെരുക്കി. ജയത്തോടെ ഗ്രൂപ്പ് സിയിൽ വിൻഡീസ് ഒന്നാം സ്ഥാനത്ത് എത്തി. മൂന്ന് കളികളിൽ നിന്ന് മൂന്ന് ജയവുമായി അവർക്ക് ഇപ്പോൾ 6 പോയിന്റ് ഉണ്ട്. ന്യൂസിലൻഡ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ജയത്തോടെ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പിൻ്റെ സൂപ്പർ 8 ഘട്ടത്തിലേക്ക് കടന്നു.

ന്യൂസിലൻഡിനെ തകർത്തത് അൻസാരി ജോസഫ് ആണ്. അദ്ദേഹം നാല് വിക്കറ്റുകൾ നേടി ന്യൂസിലൻഡിനെ സമ്മർദത്തിലാക്കി. വിൻഡീസിന് വേണ്ടി ഗുഡകേഷ് മോട്ടി മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനെ ന്യൂസിലൻഡ് 149/9 എന്ന നിലയിൽ ഒതുക്കി. വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം തന്നെ പിഴച്ച വിൻഡീസിന് ബാറ്റിങ്ങിൽ താളം കണ്ടെത്താൻ സമയം എടുത്തു. ഇത് അവരുടെ മുൻനിര വിക്കറ്റുകൾ നഷ്ടമാകാൻ കാരണമായി. എന്നാൽ ഷെർഫാൻ റഥർഫോർഡ് അവരുടെ രക്ഷയ്‌ക്കെത്തി. ഷെർഫാൻ റഥർഫോർഡ് തൻറെ ടീമിനായി മികച്ച പ്രകടനം നടത്തിയെങ്കിലും അദ്ദേഹത്തിനൊപ്പം നില്ക്കാൻ മറ്റാർക്കും കഴിയാതെ വന്നത് വിൻഡീസിന് തിരിച്ചടിയായി. ഒരു മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ അവർക്ക് ആയില്ല. ഷെർഫാൻ റഥർഫോർഡ് പുറത്താകാതെ 68 റൺസ് നേടി.

വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലായപ്പോൾ ആണ് റഥർഫോർഡ് എത്തിയത്. പിന്നീട് അദ്ദേഹം 39 പന്തിൽ ആറ് സിക്‌സും 2 ബൗണ്ടറികളടക്കം പുറത്താകാതെ 68 റൺസ് നേടി. 18-ാം ഓവറിൻ്റെ അവസാനം വിൻഡീസ് 112/9 എന്ന നിലയിലായിരുന്നു. അവസാന രണ്ട് ഓവറിൽ ഷെർഫാൻ റഥർഫോർഡ് അടിച്ചുകൂട്ടിയത് 37 റൺസ് ആണ്. ബൗളിങ്ങിൽ ന്യൂസിലൻഡ് മികച്ച പ്രകടനം ആണ് നടത്തിയത്. തുടക്കം മുതൽ അവർക്ക് വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞു. ന്യൂസിലൻഡിന് വേണ്ടി ട്രെൻ്റ് ബോൾട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ടിം സൗത്തി, ലോക്കി ഫെർഗൂസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
