ടി20 ലോകകപ്പ് : വിൻഡീസിനെ 149 റൺസിൽ ഒതുക്കി ന്യൂസിലൻഡ്, ഒറ്റയാൾ പോരാട്ടവുമായി ഷെർഫാൻ റഥർഫോർഡ്
വ്യാഴാഴ്ച ട്രിനിഡാഡിലെ തരൗബയിലുള്ള ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ 2024-ലെ ടി20 ലോകകപ്പിൻ്റെ 26-ാം മത്സരത്തിൽ റോവ്മാൻ പവലിൽ ഇന്ന് വെസ്റ്റ് ഇൻഡീസും ന്യൂസിലൻഡും ഏറ്റുമുട്ടി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനെ ന്യൂസിലൻഡ് 149/9 എന്ന നിലയിൽ ഒതുക്കി.
വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം തന്നെ പിഴച്ച വിൻഡീസിന് ബാറ്റിങ്ങിൽ താളം കണ്ടെത്താൻ സമയം എടുത്തു. ഇത് അവരുടെ മുൻനിര വിക്കറ്റുകൾ നഷ്ടമാകാൻ കാരണമായി. എന്നാൽ ഷെർഫാൻ റഥർഫോർഡ് അവരുടെ രക്ഷയ്‌ക്കെത്തി. ഷെർഫാൻ റഥർഫോർഡ് തൻറെ ടീമിനായി മികച്ച പ്രകടനം നടത്തിയെങ്കിലും അദ്ദേഹത്തിനൊപ്പം നില്ക്കാൻ മറ്റാർക്കും കഴിയാതെ വന്നത് വിൻഡീസിന് തിരിച്ചടിയായി. ഒരു മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ അവർക്ക് ആയില്ല. ഷെർഫാൻ റഥർഫോർഡ് പുറത്താകാതെ 68 റൺസ് നേടി.
വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലായപ്പോൾ ആണ് റഥർഫോർഡ് എത്തിയത്. പിന്നീട് അദ്ദേഹം 39 പന്തിൽ ആറ് സിക്‌സും 2 ബൗണ്ടറികളടക്കം പുറത്താകാതെ 68 റൺസ് നേടി. 18-ാം ഓവറിൻ്റെ അവസാനം വിൻഡീസ് 112/9 എന്ന നിലയിലായിരുന്നു. അവസാന രണ്ട് ഓവറിൽ ഷെർഫാൻ റഥർഫോർഡ് അടിച്ചുകൂട്ടിയത് 37 റൺസ് ആണ്

ബൗളിങ്ങിൽ ന്യൂസിലൻഡ് മികച്ച പ്രകടനം ആണ് നടത്തിയത്. തുടക്കം മുതൽ അവർക്ക് വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞു. ന്യൂസിലൻഡിന് വേണ്ടി ട്രെൻ്റ് ബോൾട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ടിം സൗത്തി, ലോക്കി ഫെർഗൂസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി സൂപ്പർ-8 യോഗ്യതയുടെ കുതിപ്പിലാണ് – പാപ്പുവ ന്യൂ ഗിനിയയെയും ഉഗാണ്ടയെയും അവരുടെ രണ്ട് മത്സരങ്ങളിൽ മികച്ച രീതിയിൽ തകർത്തു. അതേസമയം ന്യൂസിലൻഡ് അവരുടെ ആദ്യ ജയത്തിനായിട്ടാണ് ഇന്ന് ഇറങ്ങുന്നത്.
.