ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ പോരാട്ടം ഇന്ന്
കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി എട്ടുമണിക്ക് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ ആറാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടാനൊരുങ്ങുകയാണ്.
പത്താം സീസൺ റാങ്കിങ്ങിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് പത്തുപോയിന്റുമായി നാലാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.
പത്താം സീസണിലെ ആദ്യ മത്സരത്തിൽ ബെംഗളുരുവിനെതിരെയും രണ്ടാം മത്സരത്തിൽ ജംഷെഡ്പൂരിനെതിരെയും വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് തോൽവിയും വഴങ്ങിയിരുന്നു. നാലാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ സമനിലയിൽ തളച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചാം മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിന് ഒഡിഷായെ തകർത്തു. അഞ്ചു മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സിന്റെ ഒരേയൊരു തോൽവി എവേ മത്സരത്തിലായിരുന്നു.
ഒഡീഷയ്‌ക്കെതിരായ മത്സരത്തിലെ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽക്കൂടി ടീമിലെ ആദ്യ നിരയിൽ കോച്ച് മാറ്റങ്ങൾ വരുത്താനിടയുണ്ട്. അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ സമനില ഗോൾ നേടി ഗംഭീര തിരിച്ചുവരവാണ് ഡയമന്റകോസ് നടത്തിയത്. മുഹമ്മദ് അസ്ഹറും വിബിൻ മോഹനനും ആദ്യനിരയിൽ ഇറങ്ങിയേക്കാം.
അതേസമയം മറുവശത്ത് ഈസ്റ്റ് ബംഗാൾ എഫ്‌സി നാലു മത്സരങ്ങളിൽ നിന്ന് നാലുപോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ഈ സീസണിൽ കൊൽക്കത്തയിൽ നടന്ന മൂന്നു ഹോം മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം. അവസാന മത്സരത്തിൽ ഗോവയോടായിരുന്നു ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടത്. ബെംഗളൂരുവിനെതിരായ അവസാന മത്സരത്തിൽ ടീം രണ്ടാം തോൽവി വഴങ്ങിയത് കണക്കിലെടുത്താൽ മത്സരത്തിലിറങ്ങുന്ന ടീമിൽ ക്യുഡ്രാറ്റ് മാറ്റങ്ങൾ വരുത്താൻ ഇടയുണ്ട്.